അവർ അനാഥരല്ല സനാഥർ
- Posted on July 30, 2025
- News
- By Goutham prakash
- 68 Views

*സി.ഡി. സുനീഷ്*
തിരുവനന്തപുരം: മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബരും നിരാശ്രയരുമായ 21 പേരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആര്‍.ബിന്ദുവിന്റെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചു.
സാമൂഹ്യനീതി വകുപ്പിന്റെ വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിൽ നിന്നും
കിടപ്പു രോഗികളായ 17 പുരുഷന്മാരും 4 സ്ത്രീകളുമുള്‍പ്പെടുന്ന 21 പേരെ മന്ത്രി ആർ.ബിന്ദു നേരിട്ടെത്തി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ആംബുലന്‍സുകളിലായി പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് മാറ്റിയത്. ഇവരില്‍ ഭൂരിഭാഗവും തീര്‍ത്തും കിടപ്പുരോഗികളാണ്. ബന്ധുക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും അന്യസംസ്ഥാനക്കാരും ഉള്‍പ്പെടെയുള്ള ഇവരില്‍ പലര്‍ക്കും സ്വന്തം പേരോ നാടോ പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ്.
ഉറ്റവര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന തങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇടവും കഴിക്കാന്‍ അന്നവും ഉടുക്കാന്‍ വസ്ത്രവും നല്‍കി പരിചരിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരോട് രോഗികള്‍ യാത്ര പറയല്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു.ഇത്രയും നാൾ രോഗികളെ പരിചരിച്ച ആശുപത്രിയെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
സംരക്ഷിക്കാൻ ആളില്ലാത്തതും, കിടപ്പ് രോഗികളുമായ വയോജനങ്ങളെ സ്ഥാപനങ്ങളിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് "വയോസാന്ത്വനം" പദ്ധതി നടപ്പിലാക്കാൻ പദ്ധതിയൊരുക്കിയിരിക്കുകയാണ് .ഇത് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഗാന്ധിഭവനിലൂടെ പുനരധിവസിപ്പിച്ചവർക്ക് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു
അസുഖങ്ങൾ ഭേദമായ ശേഷവും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒട്ടേറെപേർ ആശുപത്രികളിൽ വർധിച്ചുവരുമ്പോൾ അത് പ്രയാസകരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് അത്തരം രോഗികളുടെ സമ്പൂർണമായ പുനരധിവാസം ഏറ്റെടുക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് തീരുമാനമെടുത്തത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ വയോജനങ്ങളെയും രോഗങ്ങൾ ഭേദമായവരെയും ഓർഫനേജ് കൺട്രോൾ ബോർഡിന് (ഒ.സി.ബി) കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയുണ്ടായി. ആ അവസരത്തിലും ഏറ്റവുമധികം ആളുകളെ ഏറ്റെടുത്തത് പത്തനാപുരത്തെ ഗാന്ധിഭവനാണ്- മന്ത്രി കൂട്ടിച്ചേർത്തു.
ആരും ഒറ്റക്കല്ല എന്ന ഏറ്റവും മനുഷ്യസ്നേഹനിർഭരമായ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്നും
"തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ" എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ മുദ്രാവാക്യം എന്നും മന്ത്രി ഓർമ്മപ്പെടുത്തി.
പത്തനാപുരം ഗാന്ധിഭവനില്‍ ഇവര്‍ക്കാവശ്യമായ മികച്ച പരിചരണവും, ചികിത്സയും നല്‍കുമെന്നും ഇവര്‍ക്കായി പ്രത്യേക വാര്‍ഡും മെഡിക്കല്‍ ടീമും സജ്ജമാണെന്നും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.
മന്ത്രി ആർ.ബിന്ദുവിന്റേയും തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ രംഗരാജന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, ആര്‍.എം.ഒ ഡോ. കെ.പി. ജയപ്രകാശ്, നഴ്സിംഗ് ഓഫീസര്‍ ഷാനിഫ, മെഡിക്കല്‍ കോളേജ് മീഡിയ കോഡിനേറ്റര്‍ സജീവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിദ കമാല്‍, മാനേജിങ് ഡയറക്ടര്‍ ബി. ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്‍, എച്ച്.ആര്‍. മാനേജര്‍ ആകാശ് അജയ് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ മെഡിക്കല്‍ സംഘമെത്തിയാണ് രോഗികളെ ഏറ്റെടുത്തത്. 2023 ഓഗസ്റ്റിലും, 2024 സെപ്തംബറിലും, 2025 ഏപ്രിലിലുമായി എഴുപതോളം പേരെ ഗാന്ധിഭവനിലേയ്ക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്.