കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്‌നാട് സ്വദേശി4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്‌നാട് സ്വദേശി

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.


ഡ്രൈവറായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്.


ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്. അതിരാവിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ സോട്ടോയാണ്.


രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താത്ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.

Author

Varsha Giri

No description...

You May Also Like