കടുവയുടെ ആക്രമണം: മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ് ആധാരം ഉൾപ്പെടെയുള്ള പ്രമാണങ്ങള്‍ കൈമാറി.
- Posted on February 06, 2023
- News
- By Goutham Krishna
- 301 Views

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായി വായ്പക്കായി തോമസ് ബാങ്കില്‍ പണയംവെച്ച ആധാരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങള്‍ കുടുംബത്തിന് കൈമാറി. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്രമാണങ്ങള്‍ തോമസിൻ്റെ ഭാര്യ സിനി, മകൻ സോജൻ എന്നിവരെ ഏല്‍പ്പിച്ചു.
തോമസ് മരണപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പുതുശ്ശേരി ആലയ്ക്കലിലെ വീട്ടിലെത്തിയ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ കുടുംബത്തിന്റെ വിഷമതകള്‍ കണ്ട് വായ്പ എഴുതിതള്ളാന്‍ നടപടി സ്വീകരിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിക്കുയും ജനുവരി 20 ന് ചേര്‍ന്ന കേരള ബാങ്ക് ഭരണ സമിതി യോഗം വായ്പ എഴുതിതള്ളാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കിന്റെ കോറോം ശാഖയില്‍ നിന്നും തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാന്‍മിത്ര വായ്പയും പലിശയുമാണ് എഴുതിതള്ളിയത്. ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ കെ ശങ്കരൻ മാസ്റ്റർ, ബ്ലോക് പഞ്ചായത്ത് മെമ്പർ പി ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി തോമസ്, താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ ജോണി, മത്തായിക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ സ്വാഗതവും ശാഖാ മാനേജർ ടി വി പ്രമോദ് നന്ദിയും പറഞ്ഞു.