രാജ്യാന്തര ചലചിത്ര മേളയിൽ ആടുജീവിതവും
- Posted on November 14, 2024
- News
- By Goutham Krishna
- 132 Views
IFFI 2024-ൽ സുവർണ മയൂരം പുരസ്കാരത്തിനായി മത്സരിക്കാൻ 15 സിനിമകൾ.
സി.ഡി. സുനീഷ്.
IFFI 2024-ൽ സുവർണ മയൂരം പുരസ്കാരത്തിനായി മത്സരിക്കാൻ 15 സിനിമകൾ.
മലയാള ചിത്രം ആടുജീവിതവും മത്സര വിഭാഗത്തിൽ ആഗോള തലത്തിലെ ശക്തമായ കഥകൾ പറയുന്ന 15 സിനിമകൾ 2024-ലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ്ണ മയൂരത്തിനായി മത്സരിക്കും. ഈ വർഷത്തെ മത്സര വിഭാഗം പട്ടികയിൽ 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യൻ സിനിമകളും ഉൾപ്പെടുന്നു. തനത് വീക്ഷണം, പ്രമേയം , കലാപരത എന്നിവ ഈ ഓരോ ചിത്രത്തിന്റെയും സവിശേഷതയാണ്.
ആഗോള-ഇന്ത്യൻ സിനിമകളിലെ ഏറ്റവും മികച്ച ഈ സിനിമകൾ ഓരോന്നും മാനുഷിക മൂല്യങ്ങൾ, സംസ്കാരം, കഥപറച്ചിലിലെ കലാമൂല്യം എന്നിവയിൽ സവിശേഷമായ ഒരു ഭാവം പ്രദാനം ചെയ്യുന്നു.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ ശ്രീ അശുതോഷ് ഗവാരിക്കർ അധ്യക്ഷനായ ജൂറിയിൽ സിംഗപ്പൂരിലെ പ്രശസ്ത സംവിധായകൻ ആൻ്റണി ചെൻ, ബ്രിട്ടീഷ്- അമേരിക്കൻ നിർമ്മാതാവ് എലിസബത്ത് കാൾസൺ, പ്രശസ്ത സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവായ ഫ്രാൻ ബോർജിയ, പ്രശസ്ത ഓസ്‌ട്രേലിയൻ ഫിലിം എഡിറ്ററായ ജിൽ ബിൽകോക്ക് എന്നിവർ ഉൾപ്പെടുന്നു .മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച അഭിനേതാവ് (പുരുഷൻ), മികച്ച അഭിനേതാവ് (സ്ത്രീ), പ്രത്യേക ജൂറി പുരസ്കാരം എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലെ വിജയികളെ ഈ ജൂറി ഒരുമിച്ച് നിർണ്ണയിക്കും.
വിജയിക്കുന്ന ചിത്രത്തിന് മേളയുടെ ഉന്നത പുരസ്കാരവും 40 ലക്ഷം രൂപ സമ്മാനവും ലഭിക്കും.
വ്യത്യസ്ത പ്രമേയങ്ങളിലും ഭാവങ്ങളിലും ഉള്ള മത്സര വിഭാഗത്തിലെ ഈ വർഷത്തെ ചിത്രങ്ങൾ അജ്ഞാതമായ പ്രദേശങ്ങളിലേക്കു പ്രേക്ഷകരെ നയിക്കുന്നവയും, നമ്മുടെ ധാരണകളെ വെല്ലുവിളിക്കുന്ന പുതുശബ്ദങ്ങൾ ഉയർത്തിക്കാട്ടുന്നവയുമാണ്.
മലയാള ചലച്ചിത്രം ആടുജീവിതം (The Goat Life) ഈ വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കഠിനമായ മരുഭൂമിയിൽ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന ഒരു ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയുടെ യഥാർത്ഥ കഥയാണ് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ മലയാളി സംവിധായകൻ ബ്ലസി ആടുജീവിതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ഗൾഫിലെ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബിൻ്റെ യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി നോവലിസ്റ്റ് ബെന്യാമിൻ രചിച്ചതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മലയാളം നോവൽ ആടുജീവിതത്തിന്റെ അവലംബിത കഥയാണ് ബ്ലെസ്സിയുടെ ഈ സിനിമ ജീവിതത്തിൻ്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലുള്ള കുടിയേറ്റം, അതിജീവനം, മനുഷ്യമനസ്സ് എന്നീ പ്രമേയങ്ങളുടെ പിടിമുറുക്കം നിറഞ്ഞ നാടകീയത ഈ ചിത്രം അനാവരണം ചെയ്യുന്നു.
ഈ വിഭാഗത്തിന് കീഴിൽ മത്സരിക്കുന്ന മറ്റ് സിനിമകൾ ഇവയാണ്:
ഇറാനിയൻ ചിത്രമായ ഫിയർ ആൻഡ് ട്രംബ്ലിങ് , ടർക്കിഷ് ചിത്രമായ ഗുലിസർ , ഫ്രഞ്ച് ചിത്രമായ ഹോളി കൗ, സ്പാനിഷ് ചിത്രമായ അയാം നിവൻക , ജോർജിയ-യുഎസ്എ സംയുക്ത ചിത്രം പനോപ്‌റ്റിക്കോൺ , സിംഗപ്പൂർ ചിത്രം പിയേഴ്‌സ് , ടുണീഷ്യൻ ചിത്രം റെഡ് പാത്ത് , കനേഡിയൻ ഫ്രഞ്ച് ചിത്രം ഷെപ്പെർഡ് , റൊമാനിയൻ ചിത്രം ദി ന്യൂ ഇയർ ദാറ്റ് നെവർ കെയിം ,ലിത്വാനിയൻ ചിത്രം ടോക്‌സിക് , ചെക്ക് റിപ്പബ്ലിക്കിന്റെ വേവ്‌സ്,ടുണീഷ്യ-കാനഡ സംയുക്ത ചിത്രം ഹു ഡു ഐ ബിലോങ്ങ് ടു എന്നിവയാണ് മത്സരവിഭാഗത്തിലെ അന്താരാഷ്ട്ര ചിത്രങ്ങൾ. ഇന്ത്യയിൽ നിന്നും ആടുജീവിതത്തിനെ കൂടാതെ ആർട്ടിക്കിൾ 370 , റാവ്‌സാഹെബ് എന്നീ ചലച്ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉള്ളത്.
സിനിമയിലെ വനിതാ പ്രാതിനിധ്യത്തിന്റെ ആഘോഷം ഈ വർഷം മത്സര വിഭാഗത്തിലുള്ള 15 സിനിമകളിൽ 9 എണ്ണം സംവിധാനം ചെയ്‌തത് പ്രതിഭാശാലികളായ വനിതാ സംവിധായകരാണ് എന്നതിനാൽ, ഈ വർഷത്തെ ചലച്ചിത്രമേള, വനിതാ സിനിമാ നിർമ്മാതാക്കളുടെ ആഘോഷം കൂടിയാണെന്ന് എടുത്തുപറയേണ്ടതാണ്.