ഹൃദയ സ്തംഭനം : ജെബി ഫാര്‍മ കേരളത്തില്‍ 30 ക്ലിനിക്കുകള്‍ സ്ഥാപിക്കും
- Posted on January 13, 2023
- News
- By Goutham Krishna
- 232 Views

കൊച്ചി : ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് കേരളത്തില്‍ 30ലധികവും രാജ്യത്തുടനീളം 300ലധികവും ഹാര്‍ട്ട് ഫെയ്‌ലര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ പഠനത്തില്‍, കേരളത്തില്‍ ഹൈപ്പര്‍ടെന്‍ഷന്റെ വ്യാപനം 40 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു. ഹൃദയസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൈപ്പര്‍ ടെന്‍ഷനെന്നും പഠനത്തില്‍ സൂചിപ്പിച്ചിരുന്നു. ജെബി ഫാര്‍മ ഹൃദയസ്തംഭന മരുന്നായ അസ്മര്‍ദയ്ക്ക് 50 ശതമാനം വില കുറച്ചു. 50 മില്ലിഗ്രാം അസ്മര്‍ദ ടാബ്ലെറ്റിന് 39.6 രൂപയാണ്.
'ഹൃദയരോഗ മരുന്നുവിഭാഗത്തിലെ മുന്‍നിരക്കാരെന്ന നിലയില്‍ ഞങ്ങളുടെ മരുന്ന് ഇന്ത്യയിലെ രോഗികള്‍ക്ക് കൂടുതല്‍ ലഭ്യവും താങ്ങാനാവുന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കൂടുതല്‍ രോഗികള്‍ക്ക് മിതമായ നിരക്കില്‍ നൂതനവും ഗുണനിലവാരമുള്ളതുമായ ചികിത്സ നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതുവഴി ഒരു ഹൃദയസ്തംഭന രോഗിയുടെ പ്രതിമാസ ചികിത്സാ ചെലവ് 4500 രൂപയില്‍ നിന്ന് 2200 രൂപയായി കുറയുന്നു. മരുന്നിലൂടെ ആശുപത്രി ചെലവ് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപവരെ കുറയ്ക്കാനും സഹായിക്കുന്നു. എംആര്‍പി കുറഞ്ഞ മരുന്ന് 2022 ഡിസംബര്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ് ' -ജെബി ഫാര്‍മ വൈസ് പ്രസിഡന്റും ക്രോണിക് ക്ലസ്റ്റര്‍ ഹെഡുമായ വികാസ് ഖരെ പറഞ്ഞു.
ഇന്ത്യയില്‍ ഹൃദയസ്തംഭന നിരക്ക് കൂടുതലും ഹൃദയസ്തംഭനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളരെ കുറവുമാണെന്നു കൊച്ചി ലിസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്‌ലര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ദേശീയ സെക്രട്ടറിയുമായ ഡോക്ടര്‍ ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇന്ത്യയിലെ 50 ശതമാനം ഹൃദയസ്തംഭന രോഗികളും മരുന്നുകള്‍ കഴിക്കുന്നില്ല. അവബോധമില്ലായ്മ കൂടാതെ രോഗനിര്‍ണയം വൈകുന്നതാണ് ഇന്ത്യയില്‍ ഹൃദയസ്തംഭന ചികിത്സിയിലെ വെല്ലുവിളികളിലൊന്ന്. രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് മിക്ക രോഗികളും ചികിത്സയ്ക്കായി എത്തുന്നത്. ഹൃദയസ്തംഭനം കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും പ്രധാനം നേരത്തേ രോഗനിര്‍ണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുക എന്നതാണെന്നും ഡോക്ടര്‍ ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഹൃദയം ആവശ്യമായ രീതിയില്‍ രക്തം പമ്പ് ചെയ്യാതെ വരുന്ന, വിട്ടുമാറാത്ത ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ശരീരത്തിന്റെ പ്രവര്‍ത്തനസ്ഥിതിയിലും ജീവിതനിലവാരത്തിലും കുറവുണ്ടാകുന്ന ഒരു പ്രോഗ്രസീവ് ക്രോണിക് സിന്‍ഡ്രോം ആണിത്. രക്തം പലപ്പോഴും ബാക്കപ്പ് ചെയ്യുന്നതിനാല്‍ ശ്വാസകോശത്തിലും കാലുകളിലും നീര് അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്നു. നീര് അടിഞ്ഞുകൂടുന്നത് ശ്വാസതടസ്സത്തിനും കാലുകളിലും കാല്‍പ്പാദത്തിലും വീക്കത്തിനും കാരണമാകുന്നു. രാജ്യത്ത് 8-12 ദശലക്ഷം ആളുകള്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള അവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് പലപ്പോഴും രോഗനിര്‍ണ്ണയം ചെയ്യപ്പെടാതെ പോകുകയും രോഗത്തിന്റെ അവസാനഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുകയും ചെയ്യുന്നു. ഏകദേശം 80-90 ശതമാനം രോഗികള്‍ക്കും ഇടതു വെന്‍ട്രിക്കുലാര്‍ ഹാര്‍ട്ട് ഫെയിലുവര്‍ ആണ് കാണപ്പെടുന്നത് .ഇതില്‍ ഹാര്‍ട്ട് ഫെയിലുവര്‍ റെഡ്യൂസ്ഡ് ഇജക്ഷന്‍ ഫ്രാക്ഷന്‍, ഹാര്‍ട്ട് ഫെയിലുവര്‍ പ്രിസര്‍വ്ഡ് ഇജക്ഷന്‍ ഫ്രാക്ഷന്‍ എന്നിവയുടെ തോത് ഏകദേശം തുല്യമാണ്. ആശുപത്രിവാസവും ഉയര്‍ന്ന മരണനിരക്കും കണക്കിലെടുത്താല്‍, 50-70 ശതമാനം രോഗികള്‍ ഹൃദ്രോഗവിദഗ്ധരെയും 5-10 ശതമാനം പ്രമേഹരോഗ വിദഗ്ധരെയുമാണ് സമീപിക്കുന്നതെന്നു കാണാം. പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഈ രോഗം യുവജനങ്ങളെയാണ് ബാധിക്കുന്നത്. ജെബിയുടെ ഈ നീക്കം ചികിത്സാ ചെലവ് കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, രോഗികളുടെ കാര്യക്ഷമമായ തുടര്‍ ജീവിതവും ജീവിതനിലവാരവും ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ബിസിനസ്സ് ലേഖകൻ