വയനാടൻ ചുരത്തിന്റെ ശിൽപ്പി കരിന്തണ്ടൻ മൂപ്പൻസ്മൃതി ദിനം മാർച്ച് -31 ന്.
- Posted on March 14, 2023
- News
- By Goutham Krishna
- 160 Views
കോഴിക്കോട് : പതിനെട്ടാം നൂറ്റാണ്ടില്‍ വയനാടന്‍ കാടിന്റെ ഉള്‍പ്രദേശമായ താമരശ്ശേരിക്കടുത്ത് അടിവാരത്ത് ചിപ്പിലിത്തോടുളള വട്ടച്ചിറ ഊരിലാണ് കരിന്തണ്ടന്‍ ജീവിച്ചത്. ഇന്ന് ഏറ്റവും അംഗസംഖ്യയുള്ളതും എന്നാല്‍ പിന്നാക്കവുമായ പണിയ ഗോത്രവിഭാഗത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. കരിന്തണ്ടന്‍ മൂപ്പനെ നാം അനുസ്മരിക്കുന്നത് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം പാത കണ്ടെത്തിയ വ്യക്തി എന്ന നിലയിലാണ്. കോഴിക്കോട് നിന്നും വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും തിരിച്ചും ഒരു പാത ആദ്യമായി വെട്ടിത്തുറന്നതിന്റെ കീര്‍ത്തി കരിന്തണ്ടന്‍ മൂപ്പന് അവകാശപ്പെട്ടതാണ്. പണിയസമുദായത്തിന്റെ മൂപ്പന്‍ (കാരണവര്‍) എന്ന നിലയില്‍ സവിശേഷമായ ചില അധികാരങ്ങളും അവകാശങ്ങളും കരിന്തണ്ടനുണ്ടായിരുന്നു. അത്തരം അവകാശങ്ങളുടെയും അധികാരത്തിന്റെയും ചിഹ്നങ്ങളായ പട്ടും വളയും അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ചിരുന്നു. അതോടൊപ്പം കാലിമേയ്ക്കുന്ന കോലും മിന്നുന്ന ഒരു അരിവാളുമായിരുന്നു കരിന്തണ്ടന്റെ കൈയ്യില്‍ ഉണ്ടായിരുന്നത്. അരിവാളുകൊണ്ട് കാടുവെട്ടിയും കോലുകൊണ്ട് കാലിമേയ്ച്ചും കാടളന്നും താമരശ്ശേരി ചുരം പാത കണ്ടെത്തിയത് മണ്ണിന്റെ ഗന്ധവും കാടറിഞ്ഞ മിടുക്കുമുള്ള കരിന്തണ്ടന്‍ എന്ന ആ കറുത്ത മനുഷ്യനാണ്. വയനാടിന്റെ സുഗന്ധത്തില്‍ മയങ്ങിയ ബ്രിട്ടീഷ് ശക്തിക്ക് അവിടേക്ക് സുഗമമായ ഒരു മലമ്പാത കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു. ആ അന്വേഷണം അവസാനം ചെന്നെത്തിയത് കരിന്തണ്ടന്‍ മൂപ്പനിലായിരുന്നു. മണ്ണിനേയും നാടിനെയും ആദരിക്കുന്ന ഗോത്രാഭിമാന പ്രചോദിതനായ ആ ഗോത്ര മുഖ്യന് ബ്രിട്ടീഷുകാര്‍ക്ക് വഴി പറഞ്ഞു കൊടുക്കാന്‍ മനസുണ്ടായില്ല. എന്നാല്‍ ചതിയിലൂടെ പട്ടും വളയും കൈവശപ്പെടുത്തി കരിന്തണ്ടന്റെ ഗോത്രാഭിമാനത്തെ ചോര്‍ത്തിക്കളഞ്ഞാണ് ബ്രിട്ടീഷുകാര്‍ കാര്യം സാധിച്ചെടുത്തത്. പാത കണ്ടെത്തിയത് തങ്ങളാണെന്ന് മേനി നടിക്കാനായി പാതയുടെ അവസാനം വച്ച് ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ കൊലപ്പെടുത്തി. അതുവഴിയുളള യാത്ര ദുഷ്‌കരമായപ്പോഴാണ് ബ്രിട്ടീഷുകാര്‍ കരിന്തണ്ടന്റെ പ്രേതത്തെ ആവാഹിച്ച് ചങ്ങലയില്‍ ലക്കിടിയിലുള്ള മരത്തില്‍ ബന്ധിച്ചത്. അതുവഴി പോകുന്നവര്‍ ആ മരച്ചുവട്ടില്‍ കാണിക്കയര്‍പ്പിച്ച് സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പരിഷ്‌കൃതസമൂഹത്തിന് ഇത്തരം ഏര്‍പ്പാടുകള്‍ യോജിച്ചതല്ലെന്ന പുരോഗമനപ്രസ്ഥാനക്കാരുടെ വാക്കുകേട്ട് അത്തരം ആചരണങ്ങളില്‍ നിന്ന് പിന്നാക്കം പോയി. അങ്ങനെ കരിന്തണ്ടന്‍ സ്മൃതിസ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി. പിന്നീട് ദേശീയ പ്രസ്ഥാനങ്ങളാണ് നാടിന്റെ വികസനത്തിന് ആധാരമായ ഒരു പാത കണ്ടെത്തിയ ആ മഹാ പുരുഷനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ആദരിച്ചുവരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാണ്‍ ആശ്രമം, പീപ്പ് തുടങ്ങിയ സംഘടനകള്‍ ഇത് കൃത്യമായി നിര്‍വഹിച്ചു വരികയാണ്. ചങ്ങലമരച്ചുവട്ടില്‍ വിളക്കുകൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും പ്രതിവര്‍ഷം കരിന്തണ്ടന്‍ സ്മരണ പുതുക്കി വരുന്നു. ഒരു വ്യാഴവട്ടമായി താമരശ്ശേരി ചുരത്തിലൂടെ നടക്കുന്ന കരിന്തണ്ടന്‍ സ്മൃതിയാത്രയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെയുള്ള കരിന്തണ്ടന്‍ സ്മൃതിയാത്ര കരിന്തണ്ടന്‍ സ്മരണയ്ക്ക് വലിയൊരു ഉണര്‍വാണ് നല്‍കിയത്. വയനാട്ടിലേക്കും തിരിച്ചുമുളള മലമ്പാത കണ്ടെത്തിയ ചരിത്രപുരുഷന്റെ സ്മൃതിമണ്ഡപത്തില്‍ ദേവപൂജക്കായി ആയിരങ്ങളാണ് കരിന്തണ്ടന്റെ സ്മൃതിമണ്ഡപമായ ചങ്ങലമരച്ചുവട്ടില്‍ എത്തിച്ചേരുന്നത്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍, കരിന്തണ്ടന്‍ സ്മൃതിമണ്ഡപത്തില്‍ ആ മഹാന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നു എന്നത് മറ്റൊരു നാഴികക്കല്ലാണ്. അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് എം.എച്ച്.നാഗുജി കരിന്തണ്ടന്‍ പ്രതിമയുടെ അനാച്ഛാദനം നടത്തും. കരിന്തണ്ടന്‍ സ്മൃതിദിനമായ ഇന്ന് വൈകുന്നേരം 5ന് കരിന്തണ്ടന്‍ മൂപ്പന്റെ പൂര്‍ണകായ പ്രതിമ ലക്കിടിയില്‍ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടന്‍ സ്മൃതിയാത്രയും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കരിന്തണ്ടന്‍ സ്മരണ സമൂഹത്തില്‍ ഉണര്‍ത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ച നിരവധി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകും. വാഹനങ്ങളില്‍ അതുവഴി കടന്നുപോകുന്ന പതിനായിരങ്ങള്‍ക്ക് ഈ പ്രതിമ ചരിത്രമറിയാനുളള സ്രോതസ്സാകും. പുതിയൊരു പാത കണ്ടെത്തി മലനാടിന്റെ വികസനത്തിന് പുതുമാനം നല്‍കിയ ആ ഗോത്രമൂപ്പനെ അനുസ്മരിക്കാനുംആദരിക്കാനും പൂജിക്കാനും ആയിരങ്ങള്‍ക്ക് പ്രചോദനം നല്‍കും.
പ്രത്യേക ലേഖിക.