കേരള ഫിലിംപോളിസി കോൺക്ലേവ്:ഒന്നാം ദിവസം പാനൽ ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും
- Posted on August 03, 2025
- News
- By Goutham prakash
- 52 Views

സി.ഡി. സുനീഷ്
സിനിമാ മേഖലയില്‍ കൃത്യമായ ജോലിസമയം പാലിക്കുന്നില്ലെന്ന പരാതി കേരള ഫിലിം പോളിസി കോൺക്ലേവിൽ വ്യാപകമായി ഉയർന്നു. ജോലിസമയം എട്ടുമണിക്കൂറില്‍ കൂടിയാല്‍ ഓവര്‍ടൈമായി കണക്കാക്കി അധിക വേതനം നല്‍കണം. സിനിമാ മേഖലയിലെ ജോലിസമയം പുന:ക്രമീകരിക്കണം. പ്രധാന അഭിനേതാക്കള്‍ ഒഴികെയുള്ളവര്‍ക്ക് ജോലി ഗാരന്റിയില്ലാത്തതിനാല്‍ പുതിയ നയത്തില്‍ അത് ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം, കഥ, തിരക്കഥാകൃത്ത് എന്നിവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതിയും ഉയർന്നു. ഒരു സിനിമാ നിര്‍മ്മാണത്തിന്റെ 80 ശതമാനവും ചെലവാകുന്നത് പ്രധാന അഭിനേതാക്കള്‍ക്ക് വേണ്ടിയാണെന്നും മറ്റു നടീനടന്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ഉറപ്പാക്കി ജോലി സുരക്ഷ നല്‍കണമെന്നും നിർദ്ദേശങ്ങളുണ്ടായി. തൊഴില്‍ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാനാകാത്തതിനാല്‍ ദീര്‍ഘകാല ചര്‍ച്ചകള്‍ നടത്തണം, സിനിമാ മേഖലയില്‍ ലിംഗസമത്വം ഉറപ്പാക്കണം- പ്രതിനിധികൾ ആവശ്യപ്പെട്ടു.
തൊഴില്‍ കരാറുകള്‍ പാലിക്കുന്നില്ലെന്ന ആരോപണം പൂര്‍ണ്ണമായും ശരിയല്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) ഭാരവാഹികൾ അറിയിച്ചു. വിവിധ യൂണിയനുകളും ഫെഫ്കയുമായി കരാറുകള്‍ നിലവിലുണ്ടെന്നും കൃത്യമായ ഇടവേളകളില്‍ അതു പരിഷ്‌കരിക്കുകയാണെന്നും ഫെഫ്ക പ്രതിനിധികൾ അറിയിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സിനിമാ ഷൂട്ടിങ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാരസെല്ലുകള്‍ നിര്‍ബന്ധമായും രൂപീകരിക്കണം, ജോലിസ്ഥലമെന്നതിന് കൃത്യമായ നിര്‍വചനം വേണം, നിയമ പരിരക്ഷകള്‍ ലിംഗമേദമന്യേ നടപ്പാക്കണം, സ്ത്രീകള്‍ക്ക് പ്രസവാവധി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കണം, ഷൂട്ടിങ് സെറ്റുകളില്‍ കുഞ്ഞുങ്ങള്‍ക്കായി നഴ്‌സറികള്‍ ആരംഭിക്കണം- സിനിമാ മേഖലയില്‍ ഇപ്പോഴും ലിംഗസമത്വം ഇല്ലെന്ന് കോൺക്ലേവിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പ്രസവാവധി നല്‍കുന്നത് പരിഗണനയിലാണെന്നു
വിവിധ സിനിമാ സംഘടനകള്‍ കോൺക്ലേവിൽ വ്യക്തമാക്കി.
സംഘടനകളുമായി തര്‍ക്കത്തിനില്ലെന്നും അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടി, പ്രശ്‌നപരിഹാരം ആവശ്യപ്പെടുകയാണെന്നും കോൺക്ലേവിൽ പങ്കെടുത്ത നടിമാര്‍ വ്യക്തമാക്കി. സെറ്റിലെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ ഒരു പുരുഷഅംഗത്തെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഒരു ആവശ്യം ഉയർന്നു.
ഓണ്‍ലൈന്‍ വിദ്വേഷം, സൈബര്‍ ആക്രമണം എന്നിവ നേരിടാന്‍ നിയമപരമായ സുരക്ഷ ഉറപ്പാക്കണം- പ്രതിനിധികൾ ആവശ്യപ്പെട്ടു.
തിയേറ്ററുകളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ വച്ചതിനു പിന്നാലെ വന്ന പിഴകള്‍ സംബന്ധിച്ച് വ്യാപക പരാതി കോൺക്ലേവിൽ ഉയർന്നു. എന്റര്‍ടെയിന്‍മെന്റ് ടാകസിനും ജിഎസ്ടി നൽകുന്നത്
അമിത ഭാരമെന്നും നികുതി ഇളവ് വേണമെന്നുമുള്ള ആവശ്യം ഉയർന്നു.
വിവിധ ചലച്ചിത്രമേളകളിലേക്ക് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു ജൂറിയെ രൂപീകരിക്കണം.
ഇ ടിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ടാക്‌സ് സംബന്ധിച്ച പരാതി പരിഹരിക്കണം, തിയേറ്ററുകള്‍ നവികരിക്കാനും സിംഗിള്‍ തിയേറ്റര്‍ മള്‍ട്ടിപ്ലക്‌സ് ആക്കാനും സര്‍ക്കാര്‍ വായ്പ നല്‍കണം, ഇ ടിക്കറ്റ് സംവിധാനം സംസ്ഥാനത്ത് സിനിമാ സംബന്ധിച്ച് ഒരു ഡാറ്റാശേഖരം ലഭ്യമാക്കാന്‍ സഹായകരമാകും, 42 ദിവസമെങ്കിലും ഒരു സിനിമ ഒരു തിയേറ്ററില്‍ കാണിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം, എ.ഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സിനിമാ റേറ്റിങ് അട്ടിമറിക്കുന്നത് തടയാന്‍ നിയമസുരക്ഷ നല്‍കണം. തിയേറ്ററുകളിലെ പോപ് കോണിന ഉയര്‍ന്ന വില കുറക്കാന്‍ നടപടിയെടുക്കണം, റിവ്യു ബോബിങ് തിയറ്റർ വരുമാനത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നു.
അതിനൂതന സാങ്കേതികവിദ്യകള്‍ സിനിമയുടെ ആത്മാവിനെ വിഴുങ്ങുമോയെന്ന് ചില ചലച്ചിത്രകാരന്‍മാര്‍ ആശങ്ക പങ്കുവെച്ചു, സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യണം.
സ്വതന്ത്ര സിനിമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കണം, സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസും ഒ.ടി.ടി പ്രവേശനവും ഉറപ്പാക്കണം, സര്‍ക്കാര്‍ തിയേറ്ററുകളില്‍ സ്വതന്ത്ര സിനിമകള്‍ക്ക് ഒരു ഷോ എങ്കിലും ഉറപ്പു വരുത്തണം, സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സിനിമാ സംഘടനകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കണം, വിദേശ സിനിമാ വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിക്കണം, സിനിമാ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ തുക കുറക്കണം, വിവിധ സിനിമാ അക്കാഡമി/ബോര്‍ഡുകളില്‍ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം.
സിനിമാ മേഖലയില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം, വിവിധ സിനിമാ സംഘടനാ അംഗങ്ങളെ ഉള്‍പ്പെടുത്തി ആഭ്യന്തര പരാതി പരിഹാരസെല്‍ വിപുലീകരിക്കണം, പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ അപ്പീല്‍ പോകാന്‍ സംവിധാനം ഒരുക്കണം, സിനിമാ കരാറുകള്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണം, നിയമപരിരക്ഷ എല്ലാവര്‍ക്കും ഉറപ്പാക്കണം- കോൺക്ലേവിൽ ഉയർന്നത് നിരവധി ആശയങ്ങൾ
തൊഴില്‍, കരാര്‍, പണിയിടം, സിനിമാ മേഖലയിലെ ലിംഗനീതിയും ഉള്‍ക്കൊള്ളലും, പരാതി പരിഹാരസെല്‍ ഉറപ്പാക്കണം, തിയേറ്ററുകള്‍- ഇ ടിക്കറ്റിങ്- വിതരണം, നാളെകളിലെ സാങ്കേതികവിദ്യയും നൈപുണ്യ വികസനവും, പ്രാദേശിക കലാകാരന്‍മാരെയും സ്വതന്ത്ര സിനിമയെയും ശാക്തീകരിക്കല്‍, നിയമപരമായ ചട്ടക്കൂടുകളും സന്തുലിതമായ പരാതി പരിഹാര സംവിധാനവും തുടങ്ങിയ വിഷയങ്ങളിലാണ് കേരള ഫിലിം കോൺക്ലേവിന്റെ ഒന്നാം ദിവസം ചർച്ചകൾ നടന്നത്.