ചെറുകിട നാമമാത്ര കർഷകകർക്ക് കൂടി കർഷക പെൻഷൻ

കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കൃഷിവകുപ്പ് നടപ്പിലാക്കിവരുന്ന ചെറുകിട നാമമാത്ര കർഷകർക്കുള്ള പെൻഷൻ പദ്ധതിയിൽ 6201 ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൃഷിവകുപ്പ് മന്ത്രിക്ക് നിരവധി കർഷക സംഘടനകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലും, ബഹു. മുഖ്യമന്ത്രിയുടെ നവ കേരള സദസ്‌, പൊതുജന പരിഹാര സെൽ തുടങ്ങിയ സംവിധാനങ്ങൾ വഴി സർക്കാരിലേക്ക് ലഭിച്ച നിവേദനങ്ങളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കർഷക ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന  നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് ഏതാണ്ട് 12 കോടിയുടെ അധിക വാർഷിക ബാധ്യതയാണ് ഉണ്ടാവുക. പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തിയ ഗുണഭോക്താക്കൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 213289 കർഷകർക്കാണ് നിലവിൽ പദ്ധതി ആനുകൂല്യം ലഭ്യമാക്കുക. മറ്റേതെങ്കിലും സാമൂഹിക സുരക്ഷാ പെൻഷൻ ആനുകൂല്യം കൈപ്പറ്റുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയത് പ്രകാരം ചെറുകിട നാമമാത്ര കർഷക പെൻഷനിൽ അനർഹമായവരെ ഒഴിവാക്കിക്കൊണ്ടും അർഹത മാനദണ്ഡങ്ങൾ പാലിച്ച് 60 വയസ്സ് പൂർത്തിയാക്കിയ 6201 പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുമാണ് സർക്കാർ അന്തിമ പട്ടികക്ക് അംഗീകാരം നൽകിയത്. കർഷക ക്ഷേമവും സുരക്ഷയും മുൻനിർത്തി കേരള സർക്കാർ കൃഷിവകുപ്പ്  നടപ്പിലാക്കുന്ന പ്രസ്തുത പെൻഷൻ പദ്ധതിയിൽ, കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന 60 വയസ്സ് പൂർത്തിയായ കർഷകർക്ക് പ്രതിമാസം 1600 രൂപ വീതമാണ് നൽകുന്നത്. പുതുതായി ചേർക്കപ്പെട്ടിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.

തിരുവനന്തപുരം -46

കൊല്ലം-155

പത്തനംതിട്ട-221

ആലപ്പുഴ-264

കോട്ടയം-620

എറണാകുളം-586

 ഇടുക്കി-289

തൃശ്ശൂർ-816

പാലക്കാട്-666

മലപ്പുറം-619

കോഴിക്കോട്-489

വയനാട്-252

കണ്ണൂർ-567

കാസർഗോഡ്-611

ആകെ -6201


Author
Citizen Journalist

Goutham Krishna

No description...

You May Also Like