പോലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് മേളയ്ക്ക് വര്‍ണാഭമായ തുടക്കം.
- Posted on April 12, 2025
- News
- By Goutham prakash
- 393 Views

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേന അംഗങ്ങള്‍ എന്നിവര്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റോടെ കേരള പോലീസ് ആതിഥേയത്വം വഹിക്കുന്ന പ്രഥമ ആള്‍ ഇന്ത്യ പോലീസ് ബാഡ്മിന്‍റണ്‍ & ടേബിള്‍ ടെന്നീസ് ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച മത്സരങ്ങള്‍ ഏപ്രില്‍ 15നു അവസാനിക്കും. മൊത്തം 1200 മത്സരങ്ങളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുക. ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം ഗെയിംസ് വീഡിയോയും പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആന്‍റമന്‍ നിക്കോബാര്‍ ഐലന്‍ഡ്, ആസാം റൈഫിള്‍സ്,BPR&D, BSF, CISF, CRPF, IB, ITBP, NDRF, NSG, CGO, RPF, SSB തുടങ്ങിയ 53 സേനാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്. 43 ടീമുകളെ പ്രതിനിധീകരിച്ചുള്ള 1,033 മത്സരാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.
ഇതില്‍ 825 പുരുഷന്മാരും 208 സ്ത്രീകളും ഉള്‍പ്പെടുന്നു. സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് വിഭാഗങ്ങളിലായാണ് ബാഡ്മിന്‍റന്‍, ടേബിള്‍ ടെന്നിസ് മത്സരങ്ങള്‍ നടക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പിമാര്‍, ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, എസ്.പിമാര്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.