കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണം ഫെബ്രുവരി 4ന് കോഴിക്കോട്
- Posted on February 03, 2023
- News
- By Goutham Krishna
- 279 Views

കോഴിക്കോട് : ചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും, ആക്ടിവിസ്റ്റുമായ കെ.പി ശശിയെ ഫ്രണ്ട്‌സ് ഓഫ് കെ.പി ശശി, കോഴിക്കോട് കൂട്ടായ്മ അനുസ്മരിക്കുന്നു. 2023 ഫെബ്രുവരി നാലിന് രാവിലെ 9 മണിമുതല്‍ വൈകീട്ട 9 മണിവരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് 'കൗണ്ടര്‍ കറന്റ്‌സ് (Counter Currents - Perpetuity of K.P Sasi's Art and Politics) എന്ന തലക്കെട്ടിലാണ് അനുസ്മരണ പരിപാടികള്‍ നടക്കുക.
കെ.പി ശശി സംവിധാനം ചെയ്ത വോയിസസ് ഫ്രം ദി റൂയിന്‍, ഗാവോ ചോഡബ് നഹി, അമേരിക്ക അമേരിക്ക, ഇലയും മുള്ളും, റീ ഡിഫൈനിംഗ് പീസ്, ഫാബ്രിക്കേറ്റഡ് എന്നീ സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.
ആക്ടിവിസ്റ്റും ജേണലിസ്റ്റുമായ ടീസ്റ്റ സെറ്റില്‍വാദ് പരിപാടി ഉദ്ഘാടനം ചെയ്യും. സുസ്മിത് ബോസ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി.കെ അബ്ദുല്‍ അസീസ് എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കും. കെ.പി ശശിയുടെ കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തികൊണ്ട് എന്‍.പി ചെക്കുട്ടി സംസാരിക്കും.
തുടര്‍ന്ന് 'സാമൂഹ്യ മുന്നേറ്റങ്ങള്‍: സൗന്ദര്യശാസ്ത്രവും ഫാസിസ്റ്റ് കാലഘട്ടത്തിലെ വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ചര്‍ച്ചയില്‍ ഡോ. കെ.എസ് മാധവന്‍, ഡോ. ടി.വി മധു, മാഗ്ലിന്‍ ഫിലോമിന, സി. ദാവൂദ്, ഡോ. കെ. ഗോപിനാഥന്‍, ജോളി ചിറയത്ത്, ഡോ. ആസാദ്, ശീതള്‍ ശ്യാം, ഡോ. ഉമര്‍ തറമേല്‍, അലീന, മൃദുല ഭവാനി എന്നിവര്‍ സംസാരിക്കും. അരവിന്ദ് ഇന്‍ഡിജീനസ് പ്രബന്ധാവതരണം നടത്തും.
തുടര്‍ന്ന് നടക്കുന്ന മ്യൂസിക് ട്രിബ്യൂട്ട് സെഷന് പ്രമുഖ ഗിറ്റാറിസ്റ്റും ആക്ടിവിസ്റ്റുമായ സുസ്മിത് ബോസ് (കല്‍ക്കത്ത) നേതൃത്വം നല്‍കും. പ്രഗ്യാ പല്ലവി, ആമിര്‍ ബിന്‍സ്, ശ്രീമിത് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വന്തം ലേഖകൻ