ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി
- Posted on January 31, 2025
- News
- By Goutham prakash
- 140 Views
സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് (30/01/2025) വൈകുന്നരം 5 മണി വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 2,51,795 കാർഡ് ഉടമകളും ഇന്ന് (വൈകുന്നരം 5 മണിവരെ) 2,23,048 കാർഡ് ഉടമകളും റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി വാതിൽപ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഈ സാഹചര്യത്തിൽ ജനുവരി മാസത്തെ റേഷൻ കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും ഫെബ്രുവരി 4ന് മുമ്പ് റേഷൻ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
റേഷൻകടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ കാർഡ് ഉടമകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷൻ ബില്ലിംഗ് ഫെബ്രുവരി മാസവും അനുവദിച്ചിട്ടുണ്ട്.
