ജിം പരിശീലകർക്ക് മിനിമം വേതനം: 4 മാസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം: മനുഷ്യാവകാശ കമ്മീഷൻ.
- Posted on January 31, 2025
- News
- By Goutham Krishna
- 56 Views

തിരുവനന്തപുരം: ജിം പരിശീലകർക്ക് മിനിമം വേതനം നിശ്ചയിക്കുന്നത് സംബന്ധിച്ച് നാലു മാസത്തിനകം തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
അന്തിമ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ലേബർ കമ്മീഷണർ ഒരു വിദഗദ്ധ സമിതിയെ നിയോഗിച്ച് 2 മാസത്തിനുള്ളിൽ പഠനം നടത്തി ശുപാർശ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തൊഴിൽവകുപ്പ് സെക്രട്ടറി രണ്ടു മാസത്തിനകം ലേബർ കമ്മീഷണറുടെ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കണം. നടപടികൾ പൂർത്തിയാക്കി ലേബർ കമ്മീഷണറും സെക്രട്ടറിയും കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.
ജിം പരിശീലകർക്ക് മാന്യമായി ശമ്പളം നൽകുന്നില്ലെന്നും ഡ്യൂട്ടി സമയം നിശ്ചയിച്ചിട്ടില്ലെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ജിമ്മുകളുടെ പ്രവർത്തനം രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 10 വരെയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിമ്മിന്റെ വലുപ്പം, അംഗങ്ങളുടെ എണ്ണം , പരിശീലകരുടെ യോഗ്യത എന്നിവ കണക്കാക്കിയാണ് വേതനം നിശ്ചയിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പലരും ജോലി ചെയ്യുന്നത്. ഇൻസെന്റീവ് ഉൾപ്പെടെ മാസം 14000 മുതൽ 25000 വരെ ശമ്പളം ലഭിക്കുന്നവരുണ്ട്. ജിം പരിശീലകരുടെ എണ്ണം കൂടുതലായതിനാൽ ഷെഡ്യൂൾഡ് എംപ്ലോയ്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്തി മിനിമം വേതനം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജോണി വിൻസെന്റ് സമർപ്പിച്ചു.