ദില്ലിയിൽ റെക്കോർഡ് ചൂട് : 48 മണിക്കൂറിനിടെ പലയിടങ്ങളിലായി 50 മരണം
- Posted on June 20, 2024
- News
- By Arpana S Prasad
- 207 Views
മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു
ഡൽഹിയിൽ കനത്ത ചൂട് വില്ലനാകുന്നു. 48 മണിക്കൂറിനിടെ ഡൽഹിയുടെ പലഭാഗങ്ങളിൽ നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേർ മരിച്ചതെന്ന് പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യാഗേറ്റ് സമീപത്തെ കുട്ടികളുടെ പാർക്കിലാണ് ബുധനാഴ്ച്ച 55 കാരന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തും. ജൂൺ 11 മുതൽ 19 വരെ പാർപ്പിടമില്ലാത്ത 192 വയോധികർ ഉഷ്ണ തരംഗത്തിൽ കൊല്ലപ്പെട്ടെന്ന് എൻജിഒ സംഘടനയായ സെന്റർ ഓഫ് ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് മരണപ്പെട്ടവരിൽ നിരവധി പേർക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രസർക്കാരിന്റെ ആർഎംഎൽ ആശുപത്രിയിൽ 22 പേരാണ് സൂര്യാഘാതത്തെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ അഞ്ച് പേർ മരിക്കുകയും 13 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുകയുമാണ്.
കനത്ത ചൂടിൽ വലയുന്ന ഡൽഹിയിൽ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമെന്ന് ജലവകുപ്പ് മന്ത്രി അതിഷി മർലേന വ്യക്തമാക്കി. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു. ജലക്ഷാമത്തിൽ ജനം വലയുമ്പോളാണ് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാൽ തെക്കൻ ഡൽഹിയിൽ ജല വിതരണത്തിൽ 25 ശതമാനം കുറവ് നേരിട്ടു.
