പ്രസിദ്ധീകരണത്തിന് എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ടി. സി. രാജേഷിന്
- Posted on December 23, 2024
- News
- By Goutham prakash
- 262 Views
കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വർഷത്തെ എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ഫ്രീലാൻസ് പത്രപ്രവർത്തകനായ ടി. സി. രാജേഷിന്. 'കേരളത്തിലെ റോഡുവികസനവും ഗതാഗത സുരക്ഷയും' എന്ന വിഷയത്തിൽ പഠനഗ്രന്ഥം രചിക്കുന്നതിനാണ് ഫെല്ലോഷിപ്പ്.
2021 ൽ അന്തരിച്ച, ‘ദ ഹിന്ദു’ ബ്യൂറോ ചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്നാണ് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.
കേരളത്തിലെ വിവിധ വികസന മേഖലകളിലെ പഠനങ്ങൾക്കായി ഈ വർഷം ലഭിച്ച പ്രൊപ്പോസലുകളിൽ നിന്ന് കേരള സർവകലാശാല ജേണലിസം വകുപ്പു മുൻമേധാവി പ്രൊഫ. എം. വിജയകുമാർ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ. ബിജുകുമാർ, കേരള രാജ്ഭവൻ പി.ആർ.ഒ. എസ്.ഡി. പ്രിൻസ്, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് വെള്ളിമംഗലം, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ, പി.ആർ.ഡി. മുൻ അഡീഷണൽ ഡയറക്ടർ പി.എസ്.രാജശേഖരൻ എന്നിവരടങ്ങിയ സമിതിയാണ് ലഭിച്ച പ്രൊപ്പോസലുകൾ പരിശോധിച്ചു തെരഞ്ഞെടുപ്പ് നടത്തിയത്.
ഇടുക്കി തൂക്കുപാലം സ്വദേശിയായ ടി. സി. രാജേഷ് പ്രമുഖ പത്രങ്ങളിൽ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നു.
റോഡ് സുരക്ഷ, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ രംഗങ്ങളില്‍ വോളന്‍ററി ക്യാംപെയ്നുകള്‍ക്കും ഐഇസി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്.
2025 ജൂൺ 23ന് പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും.
സ്വന്തം ലേഖകൻ.
