ഐ.ഐ.ടി.എഫ്: കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
- Posted on November 14, 2025
- News
- By Goutham prakash
- 19 Views
ഐ.ഐ.ടി.എഫ്: കേരള പവലിയൻ നവംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
27 സ്റ്റാളുകൾ, രുചിവൈവിധ്യമൊരുക്കി കുടുംബശ്രീ, സാഫ് ഫുഡ്കോർട്ടുകൾ
ഭാരത് മണ്ഡപത്തിൽ നടക്കുന്ന 44-ാമത് അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ നവംബർ 14 രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, വിവര-പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരളഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവർ പങ്കെടുക്കും.
നവംബർ 14 മുതൽ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിൽ നാലാം നമ്പർ ഹാളിലാണ് കേരളത്തിന്റെ 299 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പ്രദർശനവേദി. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്നതാണ് ഈ വർഷത്തെ മേളയുടെ ആശയം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ പവലിയൻ ഒരുക്കിയിരിക്കുന്നത്.
ആകെ 27 സ്റ്റാളുകളാണ് കേരള പവലിയനിലുള്ളത്. നവംബർ 18 വരെയുള്ള ദിവസങ്ങൾ ബിസിനസ് കാര്യങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം.
സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാന്റ് ലൂം ആൻഡ് ടെക്സ്റ്റയിൽസ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്സ്, കയർ മാർക്കറ്റിങ് ഫെഡറേഷൻ, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കാർഷിക വികസന -കർഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഹാൻഡി-ക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ (കൈരളി), ഹാൻവീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരള പവലിയനിൽ സ്റ്റാളുകൾ ഒരുക്കുന്നത്. കേരളത്തിന്റെ രുചിവൈവിധ്യമൊരുക്കി കുടുംബശ്രീയും സാഫും ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. കോഴിക്കോട് ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് (ജി.ഐ.ടി സെസ്റ്റ് )ആണ് കേരള പവലിയന്റെ രൂപകൽപനയും നിർമാണവും നിർവഹിച്ചിട്ടുള്ളത്
