ജാമ്യാപേക്ഷ പരിഗണിച്ചില്ല, കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും ; കേസ് എന്‍.ഐ.എ. കോടതിയിലേക്ക്
- Posted on July 31, 2025
- News
- By Goutham prakash
- 84 Views
സി.ഡി. സുനീഷ്
റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.
മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍.ഐ.എ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ്. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് മാറ്റുകയാണെന്നും ദുര്‍ഗ് സെഷന്‍സ് കോടതി അറിയിച്ചു.
10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഈ കോടതിയിലാണ് പരിഗണിക്കുക. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നല്‍കുന്ന അവകാശമാണു യുവതികള്‍ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.
ഛത്തീസ്ഗഡിലെ ദുർഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന 2 പെണ്‍കുട്ടികള്‍ നിലവില്‍ സർക്കാർ സംരക്ഷണയിലാണുള്ളത്.
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം നാടകീയ രംഗങ്ങളുണ്ടായി. ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
