ചൂഷണത്തിനെതിരായ കലഹമാണ് ഗോത്ര സാഹിത്യം , അരുന്ധതി റോയ്‌ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ
- Posted on December 29, 2022
- News
- By Goutham Krishna
- 336 Views

വയനാട് സാഹിത്യോത്സവത്തിൽ ലോക നവീകരണത്തിന് ദലിത്-ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മണിക്കുട്ടൻ പണിയൻ. ദലിത്-ആദിവാസി വിഭാഗങ്ങളുടെ നിലനിൽപും, അരികുവൽകരണത്തിനെതിരേയുള്ള ചോദ്യങ്ങളും ഗോത്രഭാഷയ്ക്ക് മേലുള്ള അധിനിവേശവും ചർച്ചയിൽ വയനാടൻ തണുപ്പിന് ചൂട് പകർന്നു. ദലിത്-ആദിവാസി എഴുത്തുകളുടെ തീക്ഷ്ണതയും ഗോത്ര ഭാഷയുടെ മൂർച്ചയും വിളിച്ചോതിയ ചർച്ചയിൽ ദലിത് എഴുത്തുകാർ നേരിടുന്ന വിവേചനവുംചൂഷണവും ചർച്ചചെയ്യപ്പെട്ടു. ചൂഷണത്തിൻ്റെ ഇരകളായി അധിവസിക്കാൻ ഉള്ളവരല്ല, ഗോത്ര ജനതയെന്ന് ചർച്ചയിൽ പങ്കെടുത്ത ഗോത്ര ജനത പ്രകടിപ്പിച്ചു. ഇരകളുടെ നൊമ്പരങ്ങളെല്ലാം സംവാദത്തിൽ കനലായി എരിഞ്ഞു.
മുഖ്യധാരാ എഴുത്തുകളേക്കാൾ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പക്വമായി ഇടപെടുകയും പ്രശ്‌നങ്ങൾ ശക്തമായി അടയാളപ്പെടുത്തുകയും സമൂഹത്തിലെ തെറ്റായ പ്രവണതകളോട് കലഹിക്കുകയും ചെയ്യുന്നതാണ് ഗോത്രഭാഷയിലെ എഴുത്തുകളെന്നും അനുബന്ധമല്ല, നമുക്ക് മുന്നേ പറക്കുന്ന പക്ഷികളാണ് ആദിവാസി സമൂഹമെന്നും ചർച്ചയിൽ പങ്കെടുത്ത് സണ്ണി എം കപിക്കാട് പറഞ്ഞു. സണ്ണി എം കപിക്കാട്, ധന്യ വേങ്ങാച്ചേരി, സുകുമാരൻ ചാലിഗദ്ധ, മണിക്കുട്ടൻ പണിയൻ തുടങ്ങിയവർ അടങ്ങിയ പാനലിൽ കെ.കെ സുരേന്ദ്രൻ മോഡറേറ്ററായിരുന്നു.