നാടകോത്സവം നാടക വിദ്യാർത്ഥികൾക്ക് കലാ പാഠശാലയായി, തായ്‌വാന്റെ നൃത്തസംഗീത താളത്തോടൊപ്പം ഡ്രാമ സ്കൂൾ വിദ്യാർത്ഥികളും
തൃശൂർ: ദേശ ഭാഷകക്കപ്പുറം നാടകം ,ആശയ വിനിമയം മാത്രമല്ല ,സംസ്കാരങ്ങളുടെ വിനിമയം ഒപ്പം നാടക വിദ്യാർത്ഥികൾക്ക് കലാ പാഠശാലയായി. ഇറ്റ്ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ രണ്ട് ദിനങ്ങളിൽ നാടകപ്രേമികളോട് ആയോധന-നൃത്ത സംഗീത രൂപത്തിൽ സംവദിച്ച തായ്‌വാൻ ഓപ്പറേയുടെ ഭാഗമായി സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളും. പവലിയൻ വേദിയിൽ അരങ്ങേറിയ തായ്‌വാൻ ഓപ്പറ 'ഹീറോ ബ്യൂട്ടി' യിലാണ് സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികളായ ആദിത്യ ബേബിക്കും ശരത് കുമാറിനും കഴിവ് തെളിയിക്കാൻ അവസരമൊരുങ്ങിയത്. സ്കൂൾ ഓഫ് ഡ്രാമയിൽ ബി ടി എ ( ബാച്ചിലർ ഓഫ് തിയറ്റർ ആർട്സ്) മൂന്നാം വർഷ വിദ്യാർത്ഥിയാണ് കാസർകോട് സ്വദേശി ആദിത്യ. രണ്ടാം വർഷ വിദ്യാർത്ഥിയാണ് പാലക്കാട് സ്വദേശി ശരത്ത് കുമാർ. ഇറ്റ്ഫോക്ക് വൊളണ്ടിയറായി എത്തിയ ആദിത്യയും ശരത്തും ആകസ്മികമായാണ് ഓപ്പറയുടെ ഭാഗമായത്. "ലവ്ബേർഡ്സ് സ്പിയേഴ്സ്" എന്ന ഹീറോ ബ്യൂട്ടി ഓപ്പറയുടെ ആദ്യ ഭാഗത്തിൽ വേഷ പ്രച്ഛന്നനായ ചക്രവർത്തി ആയോധനകലാ മത്സരത്തിൽ പങ്കെടുത്ത് സുന്ദരിയുമായി പ്രണയം നേടുന്ന കഥയാണ് പ്രമേയം.
ചൈനീസ് മാൻഡറിൻ ഭാഷയിലാണ് അണിയറ പ്രവർത്തകർ ആശയവിനിമയം നടത്തുന്നത്. കഥയിൽ നിയമാവലി വായിക്കുന്ന രംഗത്തിലും തുടർന്ന് വധൂവരൻമാർക്ക് ആശംസകൾ നേരുന്ന രംഗത്തിലും മലയാളം, ഇംഗ്ലീഷ് പരിഭാഷക്കാണ് ആദിത്യയ്ക്കും ശരത്തിനും ലഭിച്ചത്. തായ്‌വാൻ ഓപ്പറയ്ക്കിടയിൽ മലയാളം സംഭാഷണം കേട്ടത് കാണികൾക്കിടയിലും കൗതുകമുണർത്തി. ഭാഷ അറിയാത്തതിനാൽ കൃത്യമായ ഇടവേളകളിൽ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരുന്നു സംഭാഷണങ്ങൾ പറയുന്നത്. ഓപ്പറേ അവതരിപ്പിക്കുന്നതിന് പ്രാദേശികമായ രണ്ട് പേർ വേണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യമാണ് ഇരുവർക്കും അവസരം ഒരുക്കിയത്. സംഗീതം, നാടകം, ആയോധന കലകൾ, നൃത്തം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ വ്യത്യസ്തമായ മിശ്രിതം തായ്‌വാനീസ് ഓപ്പറയുടെ മുഖമുദ്രയാണ്. നർമ്മരസം നിറഞ്ഞ സംഭാഷണങ്ങളും ഹൃദയ സ്പർശിയായ രംഗങ്ങളും ആകർഷകമായ കഥാതന്തുവും ഓപ്പറയുടെ സ്നേഹാർദ്രവും മാനുഷികവുമായ പാരമ്പര്യ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു.
തായ്‌വാനികളുടെ സൗന്ദര്യവും ദയയും അനുഭവിക്കാൻ റൊമാന്റിക് കോമഡിയാണ് അവതരിപ്പിക്കുന്നത്. സ്ത്രീകളെ അവതരിപ്പിക്കുന്ന പുരുഷന്മാർ, പുരുഷന്മാരെ അവതരിപ്പിക്കുന്ന സ്ത്രീകൾ.ഓപ്പറയിലെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സ്ത്രീ-പുരുഷൻമാർ പരസ്പരം മാറിയുള്ള അഭിനയം. തായ് വാനീസ് പ്രവിശ്യയിലെ നിരവധി കഥാപാത്രങ്ങൾ ഇതിലുണ്ട്. "ലവ്ബേർഡ്സ് സ്പിയേഴ്സി"ലെ പ്രധാന ഭാഗങ്ങളാണ്.
രണ്ടാമത്തെ നാടകം, "ജനറൽ ഓഫ് ദി എംപയർ" തായ് വാനീസ് പരമ്പരാഗത ആയോധനകലകളുടെ ഒരു യുദ്ധ നാടകമാണ്. മിംഗ് ഹ്വാ യുവാൻ പ്രത്യേകം രൂപകല്പന ചെയ്ത കോണിപ്പടി പോലുള്ള ആയുധങ്ങൾ ഇതിൽ കാണാം. പടവുകൾ സാധാരണ കയറാൻ ഉപയോഗിച്ചിരുന്ന ഗോവണികൾ ശത്രുക്കളെ തോൽപ്പിക്കാനുള്ള ആയുധങ്ങളായി ഇവിടെ ഉപയോഗിക്കുന്നു. പരമ്പരാഗത തായ്‌വാൻ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഇടകലർത്തി അവതരിപ്പിക്കുന്ന നാടക കമ്പനിയാണ് ഹീറോ ബ്യൂട്ടി രംഗത്ത് കൊണ്ട് വന്ന മിംഗ്ഹ്വായുവാൻ.കലയും സംഗീതവും നാടകവും ഭാഷയും സംസ്കാരവും സാഹിത്യവും വിനിമയം ചെയ്യപ്പെടുമ്പോൾ അതിന് അതിരുകൾ ഒന്നും ഉണ്ടാകില്ല, ജാതി- വർഗ്ഗ - രാഷ്ടീയ - അതിരുകൾ മായ്ക്കുന്നതോടൊപ്പം സംസ്കാരീക വിനിമയവും നിറവാകുമെന്നുറപ്പാണ്.