വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
- Posted on August 13, 2025
- News
- By Goutham prakash
- 60 Views
ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളിലായി 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി

സി.ഡി. സുനീഷ്
തിരുവനന്തപുരം: ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്. മണ്ണാറശാല പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും നിലവാരമില്ലാത്ത 2480 ലിറ്റര്‍ ഹരി ഗീതം വെളിച്ചെണ്ണ ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നിന്നും ആകെ 6530 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.
11 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 20 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.