സാമൂഹിക സുരക്ഷാ പെന്‍ഷനിൽ നിന്ന് 5 ലക്ഷം പേര്‍ ഒഴിവായേക്കും
- Posted on January 31, 2023
- News
- By Goutham Krishna
- 261 Views

തിരുവനന്തപുരം : കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്ന്, താരതമ്യേന താഴേക്കിടയിൽ ഉള്ളവർക്ക് നൽകി വരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനിൽ നിന്നും 5 ലക്ഷം പേരെ ഒഴിവായേക്കും. പ്രതിമാസം എണ്ണായിരത്തിയഞ്ഞൂറ് രൂപയിലേറെ കുടുംബത്തിൽ എല്ലാവർക്കും കൂടി വരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് കര്‍ശനമായി ഒഴിവാക്കുമെന്ന് ധനവകുപ്പ്. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം ഇത് നല്‍കണം. വരുമാനം വിലയിരുത്തി പരിധിക്ക് പുറത്ത് ഉള്ളവരെ ഒഴിവാക്കാനാണ് നിർദ്ദേശം. അഞ്ചു ലക്ഷം പേരെങ്കിലും ഒഴിവാക്കുമെന്നാണ് ധനവകുപ്പ് കണക്ക് കൂട്ടുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിന് പുറമേ ഏഴു ലക്ഷത്തിലധികം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്. അവര്‍ക്ക് വരുമാന പരിധി ബാധകമല്ല. മാസം 800 കോടി രൂപയാണ് പെന്‍ഷന് വേണ്ടി വരുന്നത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബ വരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള ക്ഷേമപെന്‍ഷനും വീണ്ടും കുടിശ്ശികയായിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായിട്ടില്ല. ഈയാഴ്ച തന്നെ ഇത് തീരുമാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. രണ്ടു മാസത്തേക്ക് 1600 കോടി രൂപ വേണം. ഇതുകൂടി കണക്കിലെടുത്താണ് സംസ്ഥാനം 2000 കോടിയുടെ കടപ്പത്രം ഇറക്കിയത്. ഇതിന്റെ ലേലം ഇന്ന് നടക്കും.
പ്രത്യേക ലേഖിക.