കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍ താമസിക്കുന്ന 59 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. റവന്യൂ രേഖകളില്‍ കാട് എന്ന് രേഖപ്പെടുത്തിയതു മൂലം കാലങ്ങളായി ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. കാട് എന്ന പേരില്‍ ആയതുകൊണ്ട് വനഭൂമി എന്ന തെറ്റിദ്ധാരണയായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. 


ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ മന്ത്രി കെ.രാജനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. മന്ത്രിയുടെ പ്രത്യേക ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പട്ടയം ലഭിക്കാനുള്ള നടപടികളായത്. ജില്ലാ കളക്ടറോട് നിവേദനം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട്പ്രകാരം നിലവില്‍ ആ സ്ഥലത്ത് കാട് ഇല്ലെന്നും റവന്യൂ രേഖകളില്‍ കാട് പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തമായി. എന്നാല്‍ ഇത് കാട് എന്നത് മാറ്റി തരിശു ഭൂമിയാക്കണമെങ്കില്‍ ഭൂപതിവ് ചട്ടപ്രകാരം സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഇനം മാറ്റി നല്‍കേണ്ടതുണ്ടെന്ന് കളക്ടറും ലാന്റ് റവന്യൂ കമ്മീഷണറും റിപ്പോര്‍ട്ട് ചെയ്തു. 


തുടര്‍ന്ന് വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രി കെ. രാജന്‍ മന്ത്രിസഭയിലേക്ക് കൊണ്ടുവരികയും 59 കുടുംബങ്ങളുടെ അപേക്ഷ വിശദമായി പരിശോധിക്കുകയും  തുടർന്ന് തരിശായി ഇനം മാറ്റം നടത്തി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഭൂമി പതിച്ചു നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു.  വിഷയത്തില്‍ പട്ടയം നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like