ബേപ്പൂര്‍ വാട്ടർ ഫെസ്റ്റ് സീസൺ നാലിന് ഉജ്വല പരിസമാപ്തി

ജയയാന വിനോദ സഞ്ചാര സാധ്യതകളുടെ വർണ്ണ ചെപ്പിന് സമാപനമായി.



ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി. കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക കായിക വിനോദത്തിന്റെ വശ്യദൃശ്യങ്ങള്‍ ഇതള്‍ വിരിഞ്ഞപ്പോള്‍, വ്യോമസേനാ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആകാശത്ത് ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകള്‍ നിറച്ചു. ബേപ്പൂര്‍ മറീനയ്ക്കു മുകളില്‍ നൂറുകണക്കിന് ഡ്രോണുകള്‍ എംടി വാസുദേവന്‍ നായരുടെ ചിത്രംവരച്ചു. അത് താഴെ ജനസമുദ്രത്തിന്റെ മനസ്സില്‍ ഓര്‍മകളുടെ കടലിരമ്പം തീര്‍ത്തു. പ്രദേശത്തെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ആബാല വൃദ്ധം ജനങ്ങള്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബേപ്പൂര്‍ ഫെസ്റ്റിന്റെ നാലാം സീസണിന് കൊടിയിറങ്ങിയത്.


അന്താരാഷ്ട്ര ജല സാഹസിക കായിക ടൂറിസത്തിന്റെ ഭൂപടത്തില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായിരുന്നു നാലാം സീസണ്‍. അനുബന്ധമായി നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും നാവിക തീരദേശ സംരക്ഷണ സേനകളുടെ കപ്പൽ കാഴ്ചകളും സാഹസിക പ്രകടനങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ച പാരമോട്ടറിങ്ങും ഫ്ലൈ ബോർഡ് ഡെമോയും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു. പ്രാദേശിക മത്സ്യതൊഴിലാളികളുടെ വീറും വാശിയും പ്രദർശിപ്പിച്ച ചൂണ്ടയിടൽ, വലയെറിയൽ, നാടൻ വെള്ളംകളി, ഡിങ്കി ബോട്ട് മത്സരങ്ങളും വലിയ കയ്യടി നേടി. വൈവിധ്യമാർന്ന നാട്ടു രുചികൾ മുതൽ വിവിധ ദേശങ്ങളിലെ രുചിഭേദങ്ങളും രുചിയിലെ പുതു തരംഗങ്ങളും അണിനിരത്തിയ ഫുഡ് ഫെസ്റ്റിവൽ ഭക്ഷണപ്രേമികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. മലയാളത്തിന്റെ പ്രിയ ഗായകരായ വിനീത് ശ്രീനിവാസൻ, ജോത്സനാ രാധാകൃഷ്ണൻ, കെ.എസ്. ഹരിശങ്കർ തുടങ്ങിയവർ നയിച്ച സംഗീത നിശ നിറഞ്ഞ കരഘോഷത്തോടെയാണ് ആസ്വാദകർ നെഞ്ചേറ്റിയത്.  പോലീസിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ മേളയെ കുറ്റമറ്റതാക്കി. കൃത്യമായ ഗതാഗത നിയന്ത്രണം, പാർക്കിംഗ് സംവിധാനം, തിരക്ക് നിയന്ത്രണം എന്നിവ ഏർപ്പെടുത്തിയതും ചാലിയത്തേക്ക് പ്രത്യേക ജങ്കാർ സർവീസ് ഏർപ്പെടുത്തിയതും ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായി.


ബേപ്പൂര്‍ മറീന തീരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ നേതൃത്വവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിന് മുന്നോടിയായി ബേപ്പൂർ തുറമുഖത്തു നിന്നും ആരംഭിച്ച് സമാപന വേദിയായ മറീന ബീച്ചിൽ അവസാനിച്ച വര്‍ണശമ്പളമായ ഘോഷയാത്രയില്‍ മന്ത്രിയും ജനപ്രതിനിധികളും  നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. സമാപന ചടങ്ങും തുടർന്ന് വിനീത് ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയും ഡ്രോൺ ഷോയും കാണാനും കേൾക്കാനുമായി പതിനായിരക്കണക്കിന് ആളുകളാണ് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത്.







സി.ഡി. സുനീഷ്



Author
Citizen Journalist

Goutham prakash

No description...

You May Also Like