ആരോഗ്യവകുപ്പിന്റെ അനാസ്ഥയും കാട്ടാനകളുടെ വഴിമുടക്കലും നേപ്പാൾ യുവതിക്ക് ആംബുലൻസിൽ പ്രസവം

  • Posted on February 13, 2023
  • News
  • By Fazna
  • 167 Views

കോഴിക്കോട് : വയനാട് ജില്ലയിലെ, പുൽപ്പള്ളി ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും, മാർഗമധ്യേ കാട്ടാനകളുടെ വഴിതടയിലും ഒത്തുചേർന്നപ്പോൾ നേപ്പാൾ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. ആലൂർകുന്നിലെ ഒരു സ്വകാര്യ ഫാമിലെ ജീവനക്കാരിയായ ലക്ഷ്മി എന്ന യുവതിയാണ് വയനാട് മെഡിക്കൽ കോളേജിലേക്കുള്ള മാർഗ്ഗമധ്യേ ആംബുലൻസിൽ പ്രസവിച്ചത്.പ്രസവാനന്തരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വേണ്ടത്ര ചികിത്സയോ പരിഗണനയോ ലഭിച്ചില്ലെന്ന് ആരോപണമുണ്ട് .ലക്ഷ്മി ഗർഭിണിയായപ്പോൾ മുതൽ ആരോഗ്യ വകുപ്പ് അധികൃതരുടെ തികഞ്ഞ അവഗണനയാണ് അനുഭവിക്കേണ്ടിവന്നത്. പാക്കം പി. എച്ച്. സി .യുടെ കീഴിലുള്ള പ്രദേശത്താണ് കഴിഞ്ഞ ഒരു വർഷമായി ലക്ഷ്മിയും ഭർത്താവ് സൂര്യയും ജോലിചെയ്യുന്നത്. ഗർഭധാരണം  മുതൽ പാക്കം പി .എച്ച് .സി . പുൽപ്പള്ളി സി .എച്ച് .സി . എന്നിവിടങ്ങളിൽ പലതവണ  എത്തിയെങ്കിലും ഒരിടത്തുനിന്നും മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു .സമീപത്തെ അംഗനവാടിയിൽ പരിശോധനയുണ്ട് എന്നു പറഞ്ഞ് നാല് തവണ പ്രദേശത്തെ ആശാ വർക്കർ ഇവരെ വിളിച്ചുവരുത്തി എങ്കിലും ഒരൊറ്റ തവണപോലും ഒരു ഡോക്ടറുടെ സേവനം ഇവർക്ക് ലഭിച്ചില്ല. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രസവം എടുക്കുവാനുള്ള സൗകര്യം ഇല്ലെന്നു പറഞ്ഞ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.ഇതിനുമുമ്പ് പുൽപ്പള്ളി സി .എച്ച് .സി . യിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവർ ബത്തേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും സ്കാൻ ചെയ്ത റിപ്പോർട്ട് അടക്കമുള്ളവ മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ഇതു നിരസിച്ചു. തുടർന്ന് നിരവധി ടെസ്റ്റുകളും സ്കാനിംഗും ഇവർക്ക് പുറമേനിന്ന് എടുക്കേണ്ടി വന്നു .ഇതിനും വലിയ സാമ്പത്തിക ചിലവ് ഉണ്ടായി.മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വളരെ മോശമായ പ്രതികരണം ഉണ്ടായിയെന്നും ഇവർ പറഞ്ഞു .നേപ്പാളിൽ പോയി പ്രസവിക്കാൻ വരെ പറഞ്ഞ ഡോക്ടർ ഈ മെഡിക്കൽ കോളേജിൽ ഉണ്ട് . ഫെബ്രുവരി ആറിന് മെഡിക്കൽ കോളേജിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പരിശോധന പോലും നടത്താതെ ഈ മാസം പതിനെട്ടിന് വരാൻ പറഞ്ഞു മടക്കി അയച്ചു. എന്നാൽ പത്തിന് വെള്ളിയാഴ്ച രാത്രി ഇവർക്ക് പ്രസവ വേദന ആരംഭിച്ചതോടെ  മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുവാൻ തയാറായി .പുൽപ്പള്ളി താഴെഅങ്ങാടിയിലെ മേരി മെമ്മോറിയൽ ആംബുലൻസ് ഉടമ സജിയുടെ ഡ്രൈവർ ഫീനിക്സ് പത്തരയോടെ ഇവരുമായി മാനന്തവാടിയിലേക്ക് പുറപ്പെട്ടു. എന്നാൽ പാക്കത്ത് വനത്തിൽ വച്ച് കാട്ടാനക്കൂട്ടം റോഡിൽ നില ഉറപ്പിച്ചതിനാൽ അവിടെയും അരമണിക്കൂറോളം വൈകി. പയ്യമ്പള്ളി കഴിഞ്ഞപ്പോഴേക്കും ലക്ഷ്മിക്ക് വേദന കലശൽ ആയതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവർ ഫീനിക്സ് വാഹനം വഴിയോരത്ത് നിർത്തി. തുടർന്ന് ലക്ഷ്മി യോടൊപ്പം ഉണ്ടായിരുന്ന തൊഴിലുടമയുടെ ഭാര്യ ഓമനയും പിന്നാലെ വന്ന ഒരു ജീപ്പിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയും, ഫീനിക്സും കൂടി പ്രസവ ശുശ്രൂഷകൾ നടത്തി. അവശനിലയിലായ ലക്ഷ്മിയെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലുംപേഷ്യന്റിന്റെ നിലയറിയുവാൻ സ്കാനിങ് നടത്തണമെന്ന് പരിശോധിച്ച ഡോക്ടർ നിർദ്ദേശിച്ചു .എന്നാൽ രണ്ടാം ശനിയാഴ്ചആയതിനാൽ മെഡിക്കൽ കോളേജിലെ സ്കാനിംഗ് സെക്ഷൻ അവധിയാണെന്ന് പറഞ്ഞതിനാൽ അതും നടന്നില്ല. ആരോഗ്യവകുപ്പിന്റെ തുടക്കം മുതലുള്ള അനാസ്ഥയാണ് ഈ യുവതി ആംബുലൻസിൽ പ്രസവിക്കാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിച്ചു .ലക്ഷ്മി പ്രസവിച്ച ആൺകുട്ടി സുഖമായി കഴിയുന്നു.



Author
Citizen Journalist

Fazna

No description...

You May Also Like