ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നു.
- Posted on March 18, 2023
- News
- By Goutham Krishna
- 167 Views
ഡൽഹി : ആഗോള എണ്ണവിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ബാരലിന് 72 ഡോളര്‍ വരെയായി കുറഞ്ഞത് ചില ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ആഗോള വ്യാപകമായി എണ്ണയ്ക്ക് ഡിമാന്‍ഡ് കുറയുന്നത് വിലയിടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഏറെ അസ്വസ്ഥതയുളവാക്കുന്നത് ഇതൊന്നുമല്ല. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങള്‍ വിലകുറച്ചിട്ടും നമ്മുടെ രാജ്യത്ത് അത് ഒരു ചലനവും സൃഷ്ടിക്കുന്നില്ല. മാത്രമല്ല ഇതിനിടയിലും പാചകവാതകത്തിന് ഭീമമായ തോതില്‍ വില ഉയര്‍ത്തിയത് രണ്ടാഴ്ച മുന്‍പാണ്. ക്രൂഡിന് 115 ഡോളര്‍ വിലയുണ്ടായിരുന്ന കഴിഞ്ഞ മേയില്‍ സംസ്ഥാനത്ത് ഒരുലിറ്റര്‍ പെട്രോളിന് 108 രൂപയ്ക്കടുത്താണ് ഈടാക്കിയിരുന്നത്. ക്രൂഡ് വില 35 ഡോളര്‍ കണ്ട് ഇടിഞ്ഞിട്ടും അതേവിലയ്ക്കാണ് രാജ്യത്ത് പെട്രോള്‍ വിറ്റുകൊണ്ടിരിക്കുന്നത്. ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരുന്നു. ലിറ്ററിന് 96 രൂപയ്ക്കു മുകളില്‍. ക്രൂഡിന്റെ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായിട്ടാണ് പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് ഇവിടെ വില നിശ്ചയിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഒരുകാലത്തും പുറത്തെ വിലയും ഇവിടത്തെ വിലയും തമ്മില്‍ ഒരു താരതമ്യവുമില്ല. എണ്ണക്കമ്ബനികള്‍ നിശ്ചയിക്കുന്ന വിലയിന്മേല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ദുര്‍വഹമായ തീരുവകളാണ് പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് തീവില നല്‌കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നത്. തീരുവ കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടും അനുകൂലമല്ലെന്നത് സുവിദിതമാണ്. ജി.എസ്.ടി പരിഷ്കാരം നടപ്പാക്കിയപ്പോഴും പെട്രോളിയം ഉത്പന്നങ്ങളെ അതില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉയര്‍ന്ന നികുതിഘടനയെ ശക്തമായി എതിര്‍ത്തിരുന്ന രാഷ്ട്രീയകക്ഷികള്‍ പോലും ഭരണാധികാരം ലഭിച്ചപ്പോള്‍ പണ്ടുപറഞ്ഞ വാക്കുകള്‍ വിഴുങ്ങുന്നു. കേരളത്തിലാകട്ടെ നിലവിലുള്ള തീരുവകള്‍ക്കു പുറമെ ഈ ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപയുടെ സെസും പ്രാബല്യത്തില്‍ വരികയാണ്. ഈ അധിക ഭാരവും ജനങ്ങള്‍ ചുമക്കേണ്ടിവരുന്നു. ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാനുള്ള ഭരണ നടപടികള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് എല്ലാ പാര്‍ട്ടികളും അധികാരത്തില്‍ കയറുന്നത്. എന്നാല്‍ ഭരണത്തില്‍ കയറി വൈകാതെ വാഗ്ദാനങ്ങള്‍ മറക്കും. എന്തിനെല്ലാം നികുതി കൂട്ടാമെന്നാകും അടുത്ത ചിന്ത. ജി.എസ്.ടി വന്നതോടെ തോന്നിയ മട്ടില്‍ ഉത്‌പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള സാദ്ധ്യത ഇല്ലാതായി. പകരം കണ്ടുപിടിച്ച വഴിയാണ് സെസ്. സേവന മേഖലയിലും നിരക്ക് വര്‍ദ്ധനയ്ക്കുള്ള പഴുതുകള്‍ തേടുന്നു. ഏതെല്ലാം തരത്തില്‍ പിഴിയാമോ അതൊക്കെ ചെയ്ത് ഖജനാവ് വീര്‍പ്പിച്ചിട്ടും നിത്യനിദാന ചെലവുകള്‍ക്കായി എല്ലാമാസവും കടമെടുക്കേണ്ട സ്ഥിതിയാണ്. എന്തൊക്കെ പറഞ്ഞാലും പെട്രോളിയം ഉത്‌പന്നങ്ങളുടെ അമിതവില രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ നിത്യജീവിതം കൂടുതല്‍ ക്ളേശകരമാക്കുന്നുണ്ടെന്നത് വസ്തുതയാണ്. സകല മേഖലകളിലും വിലക്കയറ്റത്തിനു കാരണമാകുന്നതും പെട്രോളിയം ഉത്‌പന്നങ്ങളില്‍ തുടര്‍ച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന വില വര്‍ദ്ധനവാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണ കുടുംബങ്ങളാണ് ഇതിന്റെ കെടുതി ഏറെയും അനുഭവിക്കേണ്ടിവരുന്നത്. ഒരു പ്രകോപനവുമില്ലാതിരുന്നിട്ടും പാചക വാതകത്തിന് ഈ മാസം ആദ്യം വരുത്തിയ വന്‍വര്‍ദ്ധന ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും താങ്ങാനാവാത്ത തരത്തിലാണ്. 1112 രൂപയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഒരു സിലിണ്ടര്‍ ഗ്യാസിന്റെ വില. സാധാരണക്കാരുടെ തലമണ്ടയ്ക്ക് അടിച്ചശേഷവും ജനക്ഷേമപരിപാടികള്‍ക്കു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഭരണാധികാരികള്‍.
പ്രത്യേക ലേഖിക.