ബീഹാറിൽ ഒഴിവാക്കിയ 65 ലക്ഷം പേര് പറയണമെന്നും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രിം കോടതി

സി.ഡി. സുനീഷ്

 

ന്യൂഡൽഹി : 


ബീഹാറിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള  വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം ആളുകളുടെ പേരുകൾ, നീക്കം ചെയ്യാനുള്ള കാരണ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന്  സുപ്രീം കോടതി  കമ്മീഷന് ഉത്തരവ് നൽകി.

എല്ലാ വോട്ടർമാർക്കും ഈ പട്ടിക  ലഭ്യമാവുന്ന തരത്തിൽ പരസ്യപ്പെടുത്തണം. തെറ്റായി നീക്കം ചെയ്യപ്പെട്ടവർക്ക് ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം അവരുടെ അവകാശവാദങ്ങൾ സമർപ്പിക്കാമെന്നും സുപ്രധാനമായ വിധിയിൽ കോടതി പറഞ്ഞു.

വോട്ടർ പട്ടികയുടെ, പ്രത്യേക തീവ്ര പുനരവലോകനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ ആധാർ കാർഡ്  തെളിവായി കമ്മീഷൻ സ്വീകരിക്കാത്തതിനെപ്പററി പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പല വോട്ടർമാരെയും ബാധിക്കുമെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.

ബിഹാറിലെ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെ, 65 ലക്ഷം പേരുകളിൽ 22 ലക്ഷം പേർ മരിച്ചവരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതായി ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി.

“22 ലക്ഷം ആളുകൾ മരിച്ചെങ്കിൽ, അത് ബൂത്ത് തലത്തിൽ എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത് ? പൗരന്മാരുടെ അവകാശങ്ങൾ രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ചിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം നിരീക്ഷിച്ചു.

2025-ലെ പട്ടികയിൽ ഉണ്ടായിരുന്നതും, കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ജില്ലാതല വെബ്സൈറ്റുകളിൽ പ്രദർശിപ്പിക്കാൻ   കമ്മീഷൻ സമ്മതിച്ചിട്ടുണ്ടെന്ന്  കോടതി പറഞ്ഞു.

ഈ പട്ടികയിൽ, കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള കാരണവും രേഖപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. “ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള പ്രാദേശിക ഭാഷാ പത്രങ്ങളിൽ ഇതിന് വലിയ പ്രചാരം നൽകണം.

ദൂരദർശനിലും മറ്റ് ചാനലുകളിലും ഇത് സംപ്രേഷണം  ചെയ്യണം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സോഷ്യൽ മീഡിയ ഹാൻഡിൽ ഉണ്ടെങ്കിൽ അവിടെയും നോട്ടീസ് പ്രദർശിപ്പിക്കണം – ഉത്തരവിൽ   പറയുന്നു.

65 ലക്ഷം വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക എല്ലാ പഞ്ചായത്ത് ഭവനുകളുടെയും ബ്ലോക്ക് ഡെവലപ്‌മെന്റ്, പഞ്ചായത്ത് ഓഫീസുകളുടെയും നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. അതുവഴി ആളുകൾക്ക് നേരിട്ട് ഈ പട്ടിക പരിശോധിക്കാൻ കഴിയും,” ജസ്റ്റിസ് കാന്ത് പറഞ്ഞു.

നേരത്തെ, പ്രത്യേക തീവ്ര പുനരവലോകനത്തിന് ശേഷം തയ്യാറാക്കിയ കരട് പട്ടികയിൽ നിന്ന് എത്ര വോട്ടർമാരുടെ പേരുകളാണ് ഒഴിവാക്കിയതെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചോദിച്ചിരുന്നു.

“65 ലക്ഷം പേരുകൾ അതിലില്ല, 22 ലക്ഷം പേർ മരിച്ചവരാണ്,” എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി  മറുപടിയും നൽകി.

ജീവിച്ചിരിപ്പുണ്ടായിട്ടും, മരിച്ചുവെന്ന കാരണം പറഞ്ഞ്  പട്ടികയിൽ നിന്ന്  പേര് നീക്കം ചെയ്ത ഏതൊരാൾക്കും ഇത് തിരുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും ദ്വിവേദി വ്യക്തമാക്കി

“ഞങ്ങൾ ആവശ്യപ്പെടുന്നത് കൂടുതൽ സുതാര്യതയാണ്. ഇതിന് പകരം മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നാണ് ഞങ്ങൾ പറയുന്നത്,” ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.


Author
Citizen Journalist

Goutham prakash

No description...

You May Also Like