*കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ മിന്നൽ പരിശോധന*
- Posted on August 12, 2025
- News
- By Goutham prakash
- 60 Views

*സി.ഡി. സുനീഷ്*
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ നിയമനം തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ മിന്നൽ പരിശോധന നടത്തി. പരാതിയെക്കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
കണ്ണൂർ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് വാരം യുപി സ്കൂളിലെ അധ്യാപകരായ അഞ്ജു, ശുഭ, അർജുൻ എന്നിവർ മന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ നിയമനം എട്ട് വർഷത്തോളമായി തടഞ്ഞുവെച്ചതായി പരാതിപ്പെട്ടത്. തുടർന്ന് മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം ഉടൻ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തി. ഉദ്യോഗസ്ഥരിൽ നിന്ന് മന്ത്രി വിവരങ്ങൾ തേടി. 2017 മുതൽ അധ്യാപികയായി ജോലി ചെയ്യുന്ന ശുഭയും 2018 മുതൽ ജോലി ചെയ്യുന്ന അഞ്ജു, അർജുൻ എന്നിവരും നിയമന പ്രശ്നം കാരണം ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഈ വിഷയത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചു.