പി. ടി 7 കാട്ടുകൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങൾ ഒരാഴ്ചക്കകം പൂർത്തിയാകും: മന്ത്രി എ. കെ. ശശീന്ദ്രൻ.
- Posted on January 07, 2023
- News
- By Goutham Krishna
- 281 Views

പാലക്കാട് : കാട്ടാനയെ തളയ്ക്കുന്നതിന് ധോണിയിൽ വനം വകുപ്പ് ഒരുക്കിയ കൂട് മന്ത്രി സന്ദർശിച്ചു. ധോണി ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്ന പി. ടി 7 കാട്ടുകൊമ്പനെ പിടികൂടാനുള്ള അന്തിമ ഒരുക്കങ്ങൾ ഒരാഴ്ചക്കകം പൂർത്തിയാകുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പി. ടി 7 നെ തളയ്ക്കുന്നതിന് ധോണി ക്യാമ്പിൽ വനം വകുപ്പ് ഒരുക്കിയ കൂട് സന്ദർശിച്ചതിന് ശേഷം ക്യാമ്പിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആനയെ മയക്കുവെടി വെച്ച് ചട്ടം പഠിപ്പിക്കാനാണ് ആദ്യ പരിഗണന. പിടികൂടുന്ന ആനയ്ക്കുള്ള കൂട് നിർമ്മാണം തുടങ്ങി കഴിഞ്ഞു. കാട്ടാനയെ പിടികൂടിയ ശേഷം മാത്രമേ വയനാട് നിന്നുള്ള ദൗത്യസംഘം മടങ്ങൂ എന്നും മന്ത്രി പറഞ്ഞു. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ എണ്ണം കൂട്ടേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.
ബഫർസോൺ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കിയാണ് ബഫർ സോൺ തീരുമാനിക്കേണ്ടതെന്നാണ് സർക്കാർ നയം. ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാറിന്റെ മന്ത്രാലയം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങൾക്കും കത്തുകൾക്കും സംസ്ഥാനം താമസമില്ലാതെ മറുപടി നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് അംഗീകരിച്ച് കിട്ടാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇവ പരിഗണിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് സുപ്രീംകോടതി വിധി വന്നത്. സുപ്രീംകോടതി വിധിയെ നിയമപരമായ മാർഗങ്ങളിലൂടെ മാത്രമേ നേരിടാനാവൂ. അതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എ. പ്രഭാകരൻ എം. എൽ. എ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ സി. സി. എഫ് വിജയാനന്ദൻ, വൈൽഡ് ലൈഫ് സർക്കിൾ സി. സി. എഫ് ഷബാബ്, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എ. ഡി. എം. കെ. മണികണ്ഠൻ, ആർ. ഡി. ഒ. ഡി. അമൃതവല്ലി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.