'അനന്യം' ഒരുങ്ങുന്നു, ട്രാന്‍സ്ജെന്‍ഡർ കലാസംഘത്തിന് പരിശീലനം ഇന്ന് മുതൽ.
- Posted on January 09, 2025
- News
- By Goutham prakash
- 327 Views
സാമൂഹ്യനീതി വകുപ്പിനു കീഴിൽ രൂപീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാസംഘമായ 'അനന്യം' പരിശീലന ക്യാമ്പ് ജനുവരി ഒമ്പതിന് ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിൽ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലാണ് ഇരുപതു ദിവസത്തെ പരിശീലന ക്യാമ്പിന് തുടക്കമാവുന്നത്. വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടനച്ചടങ്ങ്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ അഭിരുചി, സര്‍ഗ്ഗാത്മക പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കാനാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കലാസംഘം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'അനന്യം' എന്ന പേരിൽ ഈ പദ്ധതി.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സവിശേഷ കലാഭിരുചികൾ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍ക്കുകയും തുടർന്ന് ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു കലാവിരുന്നുകൾ സര്‍ക്കാര്‍/പ്രാദേശിക സര്‍ക്കാര്‍ പരിപാടികളില്‍ അവതരിപ്പിക്കാൻ അവർക്ക് അവസരം ഒരുക്കലുമാണ് പദ്ധതിയി വിഭാവനം ചെയ്യുന്നത്. ഇത് ട്രാൻസ്ജൻഡർ വ്യക്തികളുടെ പൊതുസ്വീകാര്യത വർദ്ധിപ്പിക്കാനും ഒപ്പം അവരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും സഹായകമാവുമെന്നതാണ് ഇതിലെ വീക്ഷണം - മന്ത്രി പറഞ്ഞു.
നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകള്‍, ആദിവാസി നൃത്തരൂപങ്ങള്‍ എന്നിവയില്‍ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഓഡിഷനുകള്‍ നടത്തിയാണ് അനുയോജ്യരായ മുപ്പത് വ്യക്തികളെ കണ്ടെത്തി. ഇവർക്കായാണ് പരിശീലന ക്യാമ്പ് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ കലാടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പുറമെ, സംസ്ഥാന/ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്/കമ്മിറ്റി അംഗങ്ങള്‍, സി ബി ഒ പ്രതിനിധികള്‍, മറ്റ് സംഘടനാ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.
