കളിക്കളം കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു
- Posted on October 26, 2024
- News
- By Goutham prakash
- 384 Views
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാനതല കായികമേള -'കളിക്കളം 2024' ഒക്ടോബർ 28,29,30 തിയതികളിൽ നടക്കും
സ്വന്തം ലേഖിക.
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാനതല കായികമേള -'കളിക്കളം 2024' ഒക്ടോബർ 28,29,30 തിയതികളിൽ നടക്കും.കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള തിങ്കളാഴ്ച രാവിലെ 10ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ദീപശിഖ കൈമാറും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി ധനേഷ് കായികമേള പ്രതിജ്ഞ ചൊല്ലും.
പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് എസ്, പട്ടികവർഗവികസനവകുപ്പ് ഡയറക്ടർ രേണുരാജ്, കായിക യുവനജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്.പി, എൽ.എൻ.സി.പി കാര്യവട്ടം പ്രിൻസിപ്പാൾ ജി.കിഷോർ, ഡയറക്ടർ സി.ദണ്ഡപാണി എന്നിവരും പങ്കെടുക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 1500 ലധികം കായിക പ്രതിഭകളാണ് കളിക്കളം കായികമേളയിൽ മാറ്റുരക്കുന്നത്.
ഒക്ടോബർ 30 ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം നടത്തും.
സമാപന സമ്മേളനത്തിൽ പട്ടികവർഗവികസനവകുപ്പ് ഡയറക്ടർ രേണു രാജ്, ജില്ലാ കളക്ടർ അനുകുമാരി , കായിക യുവനജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്.പി എന്നിവരും പങ്കെടുക്കും.
