ഏപ്രിൽ 8ന് നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
- Posted on April 05, 2023
- News
- By Goutham Krishna
- 179 Views
തിരുവനന്തപുരം : ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കടമ്പൂരിൽ നിര്‍മ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവര്‍കോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂര്‍ (ഇടുക്കി) ഭവനസമുച്ചയങ്ങളുടെ താക്കോല്‍ദാനം അതാത് ഭവനസമുച്ചയങ്ങള്‍ക്ക് സമീപം ക്രമീകരിച്ചിട്ടുള്ള വേദിയില്‍ മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവര്‍ അതേസമയം നിര്‍വഹിക്കും. ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഇതിന് പുറമേ എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്നീ പഞ്ചായത്തുകളില്‍ പുതിയ ഭവനസമുച്ചയങ്ങല്‍ നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 2022 ഏപ്രില്‍ മുതല്‍ നാളിതുവരെ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60,160 വീടുകളുടെ നിര്‍മ്മാണം വിവിധഘട്ടങ്ങളില്‍ പുരോഗമിക്കുന്നു.
രൂപകൽപ്പന
കരിമണ്ണൂര്‍ (ഇടുക്കി)യിൽ 42ഉം, കടമ്പൂര്‍(കണ്ണൂര്‍) പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം) ഭവന സമുച്ചയങ്ങളില്‍ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാര്‍ക്കും, മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കുമായി താഴത്തെ നിലയില്‍ 2 ഭവനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു ഹാള്‍ രണ്ടു കിടപ്പ് മുറി ഒരു അടുക്കള ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കുടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം ഖരമാലിന്യ സംസ്കരണം, ചുറ്റുമതില്‍, മഴവെള്ള സംഭരണി, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിര്‍മാണം നിര്‍വഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിര്‍മ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍വഹിച്ചു. തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നാല് പദ്ധതിയുടെയും കണ്‍സള്‍ട്ടന്‍സി നിര്‍വ്വഹണം നടത്തിയത്.
നിര്‍മ്മാണം
എൽജിഎസ്എഫ് സാങ്കേതിക വിദ്യയില്‍ കെട്ടിടത്തിന്‍റെ ഫ്രെയിം നിര്‍മിച്ച്, അത് ഫൈബര്‍ സിമന്‍റ് ബോര്‍ഡ് ഉപയോഗിച്ച് കവര്‍ ചെയ്താണ് ചുമര്‍ നിര്‍മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് കെട്ടിടത്തിത്തിന്‍റെ നാലു നിലകളും വാര്‍ത്തത്. കെട്ടിടത്തില്‍ മതിയായ കാറ്റും വെളിച്ചവും ലഭിക്കുന്നതിന് രണ്ട് അകമുറ്റം നല്‍കിയിട്ടുണ്ട്. മുറികളില്‍ സെറാമിക് ടൈലും പൊതു ഇടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്ലോറിംഗിന് ഉപയോഗിച്ചിരിക്കുന്നത്. ഫാന്‍, ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വാഷിംഗ് മെഷിന്‍, ഫ്രിഡ്ജ് എന്നിവയ്ക്കുള്ള സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സബ്സിഡിയോടെ കെട്ടിടത്തില്‍ സൗരോര്‍ജ പ്ലാന്‍റുകള്‍ അനെര്‍ട് സ്ഥാപിച്ചു. ഇത് വഴി കെട്ടിടത്തിന്‍റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഓരോ ഭവനസമുച്ചയത്തിന്റെയും പ്രത്യേകതകള്‍ ചുവടെ ചേര്‍ക്കുന്നു
1. കണ്ണൂര്‍ ജില്ല - കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
41.03 സെന്‍റില്‍ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണം 26857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണ്ണം 511.53 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്‍റെ കരാര്‍ തുക 6.07 കോടി രൂപയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ച് റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി 62.87 ലക്ഷം രൂപയും ചിലവാക്കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ആകെ ചെലവ് 6.70 കോടി രൂപയാണ്.
2. കോട്ടയം ജില്ല - വിജയപുരം ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
55.8 സെന്‍റില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ചയത്തിൽ നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. ആകെ വിസ്തീര്‍ണം 26848 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണ്ണം 512 ചതുരശ്ര അടിയാണ്. കെട്ടിടത്തിന്‍റെ കരാര്‍ തുക 6.73 കോടി രൂപയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി ഏകദേശം 62.35 ലക്ഷം രൂപയാണ് ചിലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.35 കോടി രൂപയാണ്.
3. ഇടുക്കി ജില്ല - കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭവനസമുച്ചയം
ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതര്‍ക്കായി 50 സെന്‍റില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ചയം നാലു നിലകളിലായി ആകെ 42 യൂണിറ്റുകളാണ് ഉള്ളത്. ഇതില്‍ 42 ഭവനങ്ങളും, പൊതു ആവശ്യത്തിനുള്ള ഒരു അംഗന്‍വാടിയും ഒരു വയോജന കേന്ദ്രവുമാണ് നിര്‍മിച്ചുട്ടള്ളത്. കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണം 28830 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണ്ണം 517 ചതുരശ്രഅടി വീതം. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം എന്നിവക്കായി ഏകദേശം 83.69 ലക്ഷം രൂപയാണ് ചെലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.85 കോടി രൂപയാണ്.
4. കൊല്ലം ജില്ല - പുനലുര്‍ മുനിസിപ്പാലിറ്റി ഭവനസമുച്ചയം
കൊല്ലം ജില്ലയിലെ പൂനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഭൂരഹിതഭവനരഹിതര്‍ക്കായി 50 സെന്‍റില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മിച്ച ഭവനസമുച്ചയം. നാലു നിലകളിലായി ആകെ 44 യൂണിറ്റുകളാണ് ഉള്ളത്. നാലുനിലകളിലായി കെട്ടിടത്തിന്‍റെ ആകെ വിസ്തീര്‍ണം 28857 ചതുരശ്ര അടിയാണ്. ഇതില്‍ ഒരു വീടിന്‍റെ വിസ്തീര്‍ണ്ണം 511.53 ചതുരശ്ര അടിയാണ്. കെട്ടിടത്തിനോട് അനുബന്ധിച്ചു നടത്തിയ മറ്റ് അനുബന്ധ പ്രവര്‍ത്തികളായ റോഡ് നിര്‍മാണം, ചുറ്റുമതില്‍, ഗേറ്റ്, കുടിവെള്ള സംഭരണി, മഴവെള്ള സംഭരണി, ഖരമാലിന്യ സംവിധാനം, മലിനജല സംസ്കരണ പ്ലാന്‍റ് എന്നിവക്കായി ഏകദേശം 75.60 ലക്ഷം രൂപയാണ് ചെലവ്. ഇതുള്‍പ്പെടെ ആകെ ചെലവ് 7.63 കോടി രൂപയാണ്.
സ്വന്തം ലേഖകൻ.