ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളെയും സമൂഹം അഗീകരിച്ചുകഴിഞ്ഞു: അഡ്വ.പി.സതീദേവി

തിരുവനന്തപുരം: ലിംഗനീതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ആണ്‍പെണ്‍ തുല്യത എന്നതിലുപരിയായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍കൂടി ചര്‍ച്ചചെയ്യുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണെന്ന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, കമ്മിഷന്റെ പാനല്‍ അഭിഭാഷകര്‍, വനിതാശിശുവികസന വകുപ്പിന്റെ കൗണ്‍സലര്‍മാര്‍ എന്നിവരില്‍ ലിംഗാവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ തിരുവനന്തപുരം റസ്റ്റ് ഹൗസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. പി.സതീദേവി.
ഇന്ന് കേരളം ഒരു ട്രാന്‍സ്ജന്‍ഡര്‍ പോളിസി അംഗീകരിച്ചിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിക്കൊണ്ടുമാത്രമേ ലിംഗനീതിയുടെ കാഴ്ച്ചപ്പാട് അര്‍ഥവത്താവുകയുള്ളൂ എന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലിംഗനീതിയും ഭരണഘടനയും എന്നവിഷയത്തില്‍ കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.ടി.നിസാര്‍ അഹമ്മദും ലിംഗാവബോധം നിയമപാലകരില്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ഡി.ശില്പയും ക്ലാസ്സെടുത്തു.
സ്റ്റേറ്റ് വുമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ സെല്‍ അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.എസ്.രാജു, കമ്മിഷന്‍ അംഗം വി.ആര്‍.മഹിളാമണി, കമ്മിഷന്‍ ഡയറക്ടര്‍ പി.ബി.രാജീവ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണ്‍ സ്വാഗതവും സിഐ ജോസ് കുര്യന്‍ നന്ദിയും പറഞ്ഞു.
പ്രത്യേക ലേഖകൻ