വേനല്‍ കനക്കുന്നതോടെ തേനീച്ചകള്‍ ആക്രമണകാരികളാകുന്നു.ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്
- Posted on February 17, 2023
- News
- By Goutham Krishna
- 221 Views

തിരുവനന്തപുരം: പാലക്കാട് തേനീച്ചയുടെ ആക്രമണത്തില്‍ മരണവും പരുക്കേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വേനല്‍ കനക്കുന്നതോടെ തേനീച്ചകള്‍ കൂടുതല്‍ ആക്രണകാരികളാകാനുള്ള സാധ്യതയുണ്ടെന്നും കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്.
കൊല്ലങ്കോട് നെന്മേനിയില്‍ കൂടിളകിയ തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. 72കാരനായ പാലക്കോട് പഴനിമലയാണ് മരിച്ചത്. വീടിന് അരകിലോമീറ്റര്‍ അകലെ പഴനിമല ചായ കുടിക്കാന്‍ ചെന്നു മടങ്ങുമ്പോഴാണ് തേനീച്ചകള്‍ വളഞ്ഞു കുത്തിയത്. അസഹനീയമായ വേദന കാരണം ഇവറ്റകളില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ മില്ലിനകത്ത് ഓടിക്കയറിയെങ്കിലും ബോധം കെട്ടു വീഴുകയാണുണ്ടായത്. മില്ലുടമയെത്തി കൊല്ലങ്കോട് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പാലക്കാട് സ്വദേശികളായ സുന്ദരന്‍, സതീശ്, കിട്ട, കറുപ്പേഷ് എന്നിവര്‍ക്കും തേനിച്ചകളുടെ കുത്തേറ്റിട്ടുണ്ട്. ഇവരെല്ലാം സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഒരു മാസത്തിനിടെ ജില്ലയില്‍ തേനീച്ചയുടെ കുത്തേറ്റ് ആറിലധികം പേരാണ് മരിച്ചത്. നൂറിലധികം പേർ പരുക്കേറ്റ് ചികിത്സ തേടി. ജില്ലയില്‍ പലയിടത്തും തേനീച്ച കൂടുകള്‍ വ്യാപകമായി കാണുന്നുണ്ട്. മരങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളിലടക്കം തേനീച്ച കൂടുകളുണ്ട്. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സ്വയം കരുതലും പ്രതിരോധ മാർഗങ്ങളും തേടണമെന്നാണ് നിർദേശം.
ഏറ്റവും പ്രധാനം അടിയന്തര ചികിത്സ തന്നെയാണ്. തേനീച്ച ആക്രമണം കൂടുന്ന സാഹചര്യത്തില്‍ താലൂക്കാശുപത്രികളില്‍ ഉള്‍പ്പെടെ മതിയായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാൽ ലഭിക്കുന്ന പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും. ഇത്തരത്തിൽ മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം മുതൽ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്.
പ്രത്യേക ലേഖിക