ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായി നാടകങ്ങൾ , വൈവിധ്യങ്ങൾ നിറഞ്ഞാടി നാടകോത്സവം അഞ്ചാം ദിനം
- Posted on February 10, 2023
- News
- By Goutham Krishna
- 281 Views

തൃശൂർ: നാടകങ്ങൾ കലാ രൂപം മാത്രമല്ല ഫാസിസത്തിനെതിരെ, അനീതിക്കെതിരെയുള്ള കലാപവും പ്രതിരോധവുമാണ്. അഞ്ചാം ദിനത്തിലെ നാടകങ്ങൾ ഫാസിസത്തിന് മുന്നില്‍ നിസഹായരായി നില്‍ക്കുന്ന ജനതയെ ദൃശ്യാവിഷ്‌കാരത്തിലൂടെ ആവിഷ്‌കരിച്ച് തേര്‍ഡ് റൈഹ്, വൈവിധ്യത്തില്‍ നിന്ന് ഏകരൂപത്തിലേയ്ക്ക് മാറുന്നത് എത്രത്തോളം അസാധ്യമാണെന്ന് പറഞ്ഞ ഫോര്‍ ദ റെക്കോര്‍ഡ് തുടങ്ങി വേറിട്ട പ്രമേയങ്ങളാല്‍ സമ്പന്നമായിരുന്നു
അനീതികളുടെ ഇരകളായ ജനതയുടെ നിസ്സഹായതയും നിലവിളികളും പ്രതിരോധവും നാടകങ്ങൾ അക്ഷരാർത്ഥത്തിൽ വിളിച്ച് പറഞ്ഞു.. ബ്ലാക്ക് ബ്ലാക്ക് ബോക്‌സില്‍ അരങ്ങേറിയ നിഖില്‍ മേഹ്ത്തയുടെ ഫോര്‍ ദി റെക്കോര്‍ഡ് നിരവധി ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയപ്പോള്‍ കെ ടി മുഹമ്മദ് തിയേറ്ററിലെത്തിയ കാസ്റ്റലൂച്ചിയുടെ 'ദി തേര്‍ഡ് റീഹ്' ദ്യശ്യാവിഷ്‌കാരത്തിലൂടെ ഫാസിസത്തെ ഓര്‍മ്മപ്പെടുത്തി. നാലാം ദിനം അരങ്ങിലെത്തിയ അലി ചാഹ്രോറിന്റെ ടോള്‍ഡ് ബൈ മൈ മദര്‍ അഞ്ചാം ദിവസവും പ്രദര്‍ശിപ്പിച്ചിരുന്നു. നാടകം കാണാന്‍ വലിയ പ്രേഷക സമൂഹം ആക്ടര്‍ മുരളി തിയേറ്റര്‍ പരിസരത്ത് എത്തിയത്.
നാല് മണിക്കുള്ള പ്രദര്‍ശനം കഴിഞ്ഞ് ചര്‍ച്ചകളും സംവാദങ്ങളുമായി അടുത്ത പ്രദര്‍ശനത്തിനായി കാത്തിരിക്കുന്നവരും അഞ്ചാം ദിനത്തില്‍ തുടര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ നേതൃത്വത്തില്‍ ഇറ്റ്‌ഫോക്ക് വേദി പരിസരത്ത് ഒത്തുക്കൂടുന്നവര്‍ ഇറ്റ്‌ഫോക്കിന്റെ രസം പിടിപ്പിക്കുന്ന കാഴ്ചയാണ്.
ഇറ്റ്‌ഫോക്കിലെ നിറസാനിദ്ധ്യമായിരുന്ന നാടകസംഗീതത്തില്‍ പുതിയ തരംഗം സൃഷ്ടിച്ച മണ്‍മറഞ്ഞ കലാകാരന്‍ പാരിസ് ചന്ദ്രനെയും പതിമൂന്നാമത് ഇറ്റ്‌ഫോക്ക് അനുസ്മരിച്ചു. പവലിയന്‍ തിയറ്ററില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക കവിത - സംഗീത നിശ പാരിസ് ചന്ദ്രന്റെ സ്മരണകള്‍ക്കുള്ള സമര്‍പ്പണം കൂടിയായി.
ആര്‍ട്ടിസ്റ്റ് സീനിക് ഗാലറിയില്‍ നടന്ന കൊളോക്യത്തില്‍ നാടക നടനും സംവിധായകനുമായ എം കെ റൈന നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. കാലത്തിന് അനുസരിച്ചാണ് സംസ്‌കാരത്തെ പുനര്‍നിര്‍മ്മിക്കുകയും മാറ്റുകയും ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നാടക പ്രതിരോധ മാര്‍ഗങ്ങള്‍ എങ്ങനെ സംസ്‌കാരത്തിന് പുതുരൂപങ്ങള്‍ ആവശ്യപ്പെടുന്നു എന്ന വിഷയത്തില്‍ സംവിധായിക മംഗൈ പൊതുപ്രഭാഷണം നടത്തി. നാടകോത്സവം പ്രദർശനങ്ങൾക്കൊപ്പം ചൂടേറിയ സംവാദങ്ങൾക്ക് കൂടി അരങ്ങൊരുക്കുകയാണ്.