വാട്ടര്‍ സ്ട്രീറ്റ് വിപുലീകരണം; മറവന്‍തുരുത്തിന് ഒരു കോടി.

  • Posted on January 09, 2023
  • News
  • By Fazna
  • 104 Views

തിരുവനന്തപുരം: വാട്ടര്‍സ്ട്രീറ്റ് പദ്ധതിയിലൂടെ ആഗോളശ്രദ്ധ നേടിയ കോട്ടയം മറവന്‍തുരുത്തില്‍ ഡെസ്റ്റിനേഷന്‍ വികസനത്തിന് ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആറ്റുവേലക്കടവ്, തുരുത്തുമ്മ തൂക്കുപാലം എന്നിവിടങ്ങളില്‍ ഫ്ളോട്ടിങ് ബോട്ട് ജെട്ടി ഉള്‍പ്പെടെയുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ജനപങ്കാളിത്തത്തോടെ ടൂറിസം വികസനം സാധ്യമാക്കിയ മറവന്‍തുരുത്തിന് ആദ്യഘട്ടത്തില്‍ ഒരു കോടി രൂപയുടെ പദ്ധതികള്‍ അനുവദിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചിരുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അരിവാള്‍ തോട്, മൂഴിക്കല്‍ വായനശാല പ്രദേശം, കൂട്ടുമ്മേല്‍ - മൂഴിക്കല്‍ പ്രദേശം (ആര്‍ട്ട് സ്ട്രീറ്റ്) എന്നിവയ്ക്ക് പുറമേ ആറ്റുവേലക്കടവും തുരുത്തുമ്മേല്‍ തൂക്കുപാലവും ഉള്‍പ്പെടെ നാല് അംഗീകൃത ടൂറിസം കേന്ദ്രങ്ങളാണ് മറവന്‍തുരുത്തില്‍ യാഥാര്‍ഥ്യമാകുക. സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന് (കെഎസ്ഐഎന്‍സി) ആണ് നിര്‍മ്മാണച്ചുമതല.

മറവന്‍തുരുത്തിലെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ വികസനം ഗ്രാമ പ്രദേശങ്ങളിലെ വിനോദസഞ്ചാര മേഖലയുടെയും ഡെസ്റ്റിനേഷനുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗ്രാമീണ ടൂറിസവും പരമ്പരാഗത ജീവിതരീതികളും തൊഴിലുകളും ഇണക്കിച്ചേര്‍ത്തുകൊണ്ടുള്ള ടൂറിസം വികസനം സാധ്യമാക്കുകയെന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നടന്ന ലോക ടൂറിസം മാര്‍ക്കറ്റില്‍ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി പുരസ്കാരം നേടിയിരുന്നു. ഐസിആര്‍ടി ഇന്ത്യന്‍ സബ് കോണ്ടിനന്‍റ് ഗ്ലോബല്‍ അവാര്‍ഡും വാട്ടര്‍ സ്ട്രീറ്റിന് ലഭിച്ചു. സ്ട്രീറ്റ് മാതൃക പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിന്‍റെ ഔദ്യോഗിക സംഘം അടുത്തിടെ മറവന്‍തുരുത്തില്‍ എത്തിയിരുന്നു. 

യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്ട്രീറ്റ്. ഇതിന്‍റെ ഭാഗമായുള്ള ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് ആണ് മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലേത്. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് അവയെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്.

പ്രത്യേക ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like