വികസനത്തിന്റെ അർത്ഥം തേടുന്ന ബിനാലെ കാഴ്‌ച: 'ആലബൈ ഇൻ നോർത്ത് സിക്കിം'  

  • Posted on January 24, 2023
  • News
  • By Fazna
  • 113 Views

കൊച്ചി: വികസന പ്രവർത്തനങ്ങൾ ഒരു നാടിനെ, നാട്ടുകാരെ ആന്തരികമായും ബാഹ്യമായും ബാധിക്കുന്നതെങ്ങനെയെല്ലാം എന്ന അന്വേഷണമാണ് കൊച്ചി ബിനാലെയുടെ ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിലെ  'ആലബൈ ഇൻ നോർത്ത് സിക്കിം' എന്ന കലാവിഷ്‌കാരം. ഡൽഹിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരിയും അധ്യാപികയുമായ രുചിക നേഗിയും ചലച്ചിത്രകാരനും എഡിറ്ററുമായ അമിത് മഹന്തിയുമാണ് ഫോട്ടോഗ്രാഫുകളും  വീഡിയോ ഇൻസ്റ്റലേഷനുകളും ഉൾപ്പെടുന്ന കലാവതരണത്തിനു പിന്നിൽ.

വികസനത്തിനു മുൻപും ശേഷവുമുള്ള കാലഘട്ടങ്ങൾ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും വീഡിയോ ദൃശ്യങ്ങളിലൂടെയും വാക്കുകളിലൂടെയും ആലേഖനം ചെയ്‌തത് അവതരിപ്പിക്കുന്ന കലാവതരണം ചിന്തയ്ക്കും ചർച്ചയ്ക്കും വഴിവയ്ക്കുന്നു. വികസനത്തിന്റെ ഫലമായ പാരിസ്ഥിതിക രൂപാന്തരങ്ങൾ,സംസ്‌കാരം, രാഷ്ട്രീയം എന്നിവ ചൂണ്ടിക്കാട്ടുന്ന കലാസൃഷ്‌ടി എന്താണ് യഥാർത്ഥ വികസനമെന്ന ചോദ്യമുയർത്താൻ പ്രേരിപ്പിക്കുന്നതാണ്.

2010ൽ വടക്കൻ സിക്കിമിൽ ടീസ്റ്റ നദീതടത്തിലെ ചുങ്താങ് പ്രദേശം ആസ്പദമാക്കിയാണ് രുചികയും അമിതും സംയുക്ത കലാപദ്ധതിക്ക് തുടക്കമിടുന്നത്. ജലവൈദ്യുത പദ്ധതികളുടെ കുത്തൊഴുക്കിന്റെ കാലമാണപ്പോൾ സിക്കിമിൽ; പ്രവർത്തനം ആരംഭിച്ചവയും നിർമ്മാണത്തിലിരിക്കുന്നവയും നിർദേശിക്കപ്പെട്ടവയുമായി 27 പദ്ധതികൾ! ഇവയിൽ ഏറ്റവും വലിയവയിൽ ഒന്നായ ടീസ്റ്റ - 3ന്റെ നിർമ്മാണം നടക്കുന്ന അക്കാലത്ത് ചുങ്‌താങിൽ എത്തിയ രുചികയും അമിതും വികസന പ്രവർത്തനത്തോടുള്ള നാടിന്റെയും നാട്ടുകാരുടെയും ബഹുതല പ്രതികരണഭാവങ്ങൾ വിവിധ മാധ്യമങ്ങളിലായി ആലേഖനം ചെയ്‌തു.

പദ്ധതിയിൽ ആശങ്കാകുലരായിരുന്നു ചുങ്താങ് നിവാസികൾ. അതേസമയം തന്നെ ഒരവസരമെന്ന ചിന്താഗതിയും ദൃശ്യമായിരുന്നു. വീഡിയോ ചിത്രീകരണം സാധ്യമാകാതിരുന്നതിനാൽ അന്നത്തെ സാമൂഹ്യ അന്തർധാരകളും അടിയൊഴുക്കുകളും പുസ്‌തക രൂപത്തിലാണ് രുചികയും അമിതും പ്രകാശിപ്പിച്ചത്.

പത്തുവർഷത്തിനുശേഷം ഇരുവരും  വീണ്ടും ചുങ്താങിലെത്തി. അപ്പോഴേക്കും ടീസ്റ്റ - 3 പദ്ധതി പൂർത്തിയായിരുന്നു. കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകൾ ഒന്നും ഇല്ലാത്ത പുതിയൊരു ലോകത്തേക്കാണ് തങ്ങൾ കടന്നുചെന്നതെന്ന് അമിത് പറയുന്നു. "സുന്ദരമായ പുഴയും റിസർവോയറും ഒക്കെയുള്ള മനോഹരമായ താഴ്വാരനഗരമായി ചുങ്താങ് മാറിയിരുന്നു. ആ മാറ്റം ഉൾക്കൊള്ളാൻ ഞങ്ങൾക്ക് പക്ഷെ, എളുപ്പമായിരുന്നില്ല. സഹിക്കേണ്ടി വന്ന നശീകരണ പ്രവർത്തനങ്ങളുടെ ഓർമ്മകൾ ചുങ്താങ് പേറുന്നുണ്ടെന്ന തിരിച്ചറിവാണതിനു കാരണം."

പുതിയ പട്ടണത്തിലൂടെ നടക്കുമ്പോൾ നേർ കാഴ്ചക്കടിയിൽ മറഞ്ഞുകിടക്കുന്ന വസ്തുതകളുടെ കഥകൾ തങ്ങൾക്ക് കേൾക്കാനായെന്ന് അമിത് പറഞ്ഞു. "അരുവികൾ തുരങ്കങ്ങളായി ഞെരുക്കപ്പെട്ടിരുന്നു. മലകൾ കിടങ്ങുകളായി തുരക്കപ്പെട്ടിരുന്നു. വികസനത്തെത്തുടർന്നുള്ള ലാഭ നഷ്‌ടങ്ങളുടെ കണക്കെടുത്തുകൊണ്ടിരുന്ന നാട്ടുകാരുടെ വാക്കുകളിൽ നിറഞ്ഞത് അനിശ്ചിതത്വവും അവ്യക്തതയും."

തുടർന്ന് രുചികയും അമിതും ചേർന്ന് ചുങ്താങിന്റെ പുതിയ കാലവും പഴയ കാലവും തമ്മിൽ സംസാരിക്കുന്നത് യഥാതഥം ആവിഷ്‌കൃതമാക്കി. വികസനം ചുങ്താങിനു ചമച്ച പുതിയ ആഖ്യാനവും പിന്നിലേക്ക് തള്ളിമാറ്റപ്പെട്ട യാഥാര്‍ത്ഥ്യങ്ങളും പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന കലാവതരണം സ്വയം ചോദ്യങ്ങളിലേക്ക് നയിച്ച് അസ്വസ്ഥമാക്കുന്നതുമാണ്.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like