മികച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂൾ കെട്ടിടങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടം : മന്ത്രി വി. ശിവൻകുട്ടി.
- Posted on November 06, 2025
- News
- By Goutham prakash
- 14 Views
മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ, നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങളെയാണ് അടയാളപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ മെഡിക്കൽ കോളേജ് സർക്കാർ ഹയർസെക്കൻഡറി സ്കൂൾ, പൗണ്ട്കടവ് എച്ച് ഡബ്ലിയു എൽ.പി സ്കൂൾ, കുളത്തൂർ എച്ച്. എസ് എൽ.പി എസ്, എന്നിവിടങ്ങളിലെ പുതിയ സ്കൂൾ കെട്ടിടങ്ങളുടെയും കുളത്തൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഇൻഡോർ കോർട്ടുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത് ഓരോ കുട്ടിക്കും മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നതാണ്. അതിനുവേണ്ടി ആവിഷ്‌കരിച്ച 'വിദ്യാകിരണം' പദ്ധതി ഇന്ന് കേരളത്തിൽ പുതിയൊരു അധ്യായം തുറന്നിരിക്കുന്നു. പഴയ ക്ലാസ് മുറികളിൽ നിന്നും നമ്മുടെ കുട്ടികൾ ഹൈടെക് ക്ലാസ് മുറികളിലേക്കും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളിലേക്കും എത്തിച്ചേർന്നിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്കൂൾ കെട്ടിടങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ കെട്ടിടവും ക്ലാസ് മുറികളും ഒരുങ്ങുമ്പോൾ, കുട്ടികൾ അത് പരമാവധി പ്രയോജനപ്പെടുത്തണം. പഠനം എന്നാൽ വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങേണ്ട ഒന്നല്ല. നല്ല സംസ്കാരവും, സാമൂഹ്യബോധവും, ശാസ്ത്രീയ ചിന്താഗതിയും വളർത്താൻ പുതിയ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തണം. പുതിയ സൗകര്യങ്ങൾ പഠന നിലവാരം ഉയർത്താൻ അധ്യാപകർക്കും കൂടുതൽ പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 4.50 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട സമുച്ചയം പൂർത്തിയാക്കിയത്.
പൗണ്ട്കടവ് ഗവ. എച്ച് ഡബ്ല്യു എൽ.പി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും 2023-2024 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്ന് 18.50 ലക്ഷം രൂപയും വിനിയോഗിച്ചാണ് നാല് ക്ലാസ്സ് മുറികളും, ടോയ്ലറ്റ് സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.05 കോടി രൂപ ചെലവിലാണ് മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് നിർമ്മിച്ചത്.
കുളത്തൂർ എച്ച്. എസ് എൽ.പി എസിൽ 26 ലക്ഷം രൂപ വിനിയോഗിച്ചാണ് മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട് നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 12.54 ലക്ഷം രൂപയും വിനിയോഗിച്ച് നാല് ക്ലാസ് മുറികളും ശുചിമുറികളും ഉൾപ്പെടെയുള്ളതാണ് കുളത്തൂർ എച്ച്. എസ് എൽ.പി എസിലെ പുതിയ പ്രീ-പ്രൈമറി ബ്ലോക്ക്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം വളരെ മെച്ചപ്പെട്ട രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളുടെ അധ്യക്ഷത വഹിച്ചു സംസാരിക്കുക യായിരുന്നു എം.എൽ.എ.
വാർഡ് കൗൺസിലർമാരായ ജിഷ ജോൺ, ഡി. ആർ അനിൽ, നഗരസഭ പൊതുമാരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേടയിൽ വിക്രമൻ, പ്രധാനാധ്യാപകരായ നാജ ആർ.എച്ച്, ദീപ എ.വി, ഷീബ ബി.എൽ, സോഫിയ. എൻ,ഡി.ഇ.ഒ ഷിബു പ്രേം ലാൽ തുടങ്ങിയവർ പങ്കെടുത്തു.
