വയനാട് ഉരുൾപൊട്ടൽ: കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; മന്ത്രി വീണാ ജോര്‍ജ്
- Posted on July 30, 2024
- News
- By Arpana S Prasad
- 203 Views
ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം.
ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള ടീമും പുറപ്പെട്ടു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയയ്ക്കുന്നതാണ്. നഴ്സുമാരേയും അധികമായി നിയോഗിക്കണം. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തം ലേഖിക
