ദേശീയ വിദ്യാഭ്യാസ നയത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേരള, രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിമാർ;ഒരു രാജ്യമെന്ന നിലയ്ക്ക് ഏകീകൃത നയം വരുന്നതിൽ തെറ്റില്ലെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി.
- Posted on April 01, 2023
- News
- By Goutham Krishna
- 194 Views
കോവളം : കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളത്തിന് വിയോജിപ്പിന്റെ മേഖലകൾ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന്റെ ഭാഗമായി "ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളും "എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ നയം അതേപടി കേരള സാഹചര്യത്തിൽ നടപ്പാക്കാൻ പ്രയാസമുണ്ട്.ഈ ഘട്ടത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അത്തരം സാഹചര്യം സംജാതമാകുന്ന അവസ്ഥ വന്നാൽ ഓരോ പ്രശ്നത്തേയും അടിസ്ഥാനമാക്കി മാത്രമേ പ്രതികരിക്കാനാകൂ എന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സമാനമായ ആശങ്ക രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാകി ദാസ് കല്ലയും പങ്കുവെച്ചു. കേന്ദ്രീകരണത്തിൽ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ രഹസ്യ അജണ്ടയുണ്ടോ എന്ന ആശങ്കയും വ്യാപകമായി ഉണ്ട്. നിർദേശങ്ങൾ നൽകുക എന്നതിനപ്പുറം കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല. പാഠപുസ്തകങ്ങളിൽ മതേതര ആശയങ്ങൾ നിലനിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ഒരു രാജ്യമെന്ന നിലയ്ക്ക് മുഴുവൻ സംസ്ഥാനങ്ങൾക്കും ഏകീകൃത വിദ്യാഭ്യാസ നയം ഉണ്ടാകുന്നത് നല്ലതാണ് എന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസർകർ പറഞ്ഞു. ഘടനാപരമായ മാറ്റങ്ങൾ നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം. ജി. രാധാകൃഷ്‌ണൻ മോഡറേറ്റർ ആയിരുന്നു.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ. എ. എസും ചർച്ചയിൽ പങ്കെടുത്തു.
സ്വന്തം ലേഖകൻ.