കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് വി മുരളീധരന്റെ ശീലം : മന്ത്രി വി ശിവൻകുട്ടി.
- Posted on March 26, 2023
- News
- By Goutham Krishna
- 193 Views
തിരുവനന്തപുരം : കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരൻ ശീലമാക്കിയിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ കേന്ദ്ര മന്ത്രി കാണുന്നില്ല എന്ന് നടിക്കുകയാണ്.സ്കൂൾ തുറക്കുന്നതിന് മുമ്പ് മധ്യവേനൽ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ കുട്ടികൾക്കും അവധിക്കാലത്ത് 5 കിലോഗ്രാം അരിവിതരണം ചെയ്യാൻ നടപടികൾ സ്വീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ സംബന്ധിച്ച പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം പ്രഥമ ശ്രേണിയിലാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന വി മുരളീധരന്റെ പ്രസ്താവന എന്ത് അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് മനസ്സിലാകുന്നില്ല. എന്തിനും കേരളത്തെ കുറ്റം പറയുന്ന വി മുരളീധരൻ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് എങ്കിലും പഠിക്കണം. ബിജെപി കേരളത്തിൽ പച്ച പിടിക്കാത്തത് കേരള ജനതയ്ക്ക് ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണമാണ്. ചാണകത്തിന് റേഡിയോ ആക്ടിവ് വികരണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നു പഠിപ്പിക്കാത്തതാണോ കേരള വിദ്യാഭ്യാസ ക്രമത്തെ കുറ്റം പറയാൻ വി മുരളീധരനെ പ്രേരിപ്പിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു.
സ്വന്തം ലേഖകൻ.