ആരു പറഞ്ഞാലും എന്താ, ഞങ്ങൾ,യുദ്ധം തുടരും
- Posted on July 03, 2025
- News
- By Goutham prakash
- 98 Views
സി.ഡി. സുനീഷ്.
60 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞ ശേഷവും ഗാസയില്‍ ആക്രമണം. ഇസ്രയേല്‍ ആക്രമണത്തില്‍ 30 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം, ഇസ്രയേലി ആക്രമണങ്ങളില്‍ 116 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.
വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനു ശേഷവും തിങ്കളാഴ്ച ഹൂതികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതില്‍ മുന്നറിയിപ്പുമായി യു.എസ്. യെമനിലേക്ക് ബി-2 സ്പിരിറ്റ് യുദ്ധവിമാനങ്ങള്‍ വരേണ്ടി വരുമെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബി മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ ആക്രമണം നടത്തിയതുപോലെ ഹൂതികള്‍ക്കെതിരെയും ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അംബാസഡര്‍ നല്‍കിയത്.
യുദ്ധാനന്തര ഗാസയില്‍ ഹമാസ് ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നമുക്കൊരു തിരിച്ചുപോക്കില്ലെന്നും അത് അവസാനിച്ചുവെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള അന്തിമ നിര്‍ദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
