കേരളത്തിനുള്ള അരിവിഹിതം വർധിപ്പിക്കണം: മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായി ചർച്ച നടത്തി

ഡൽഹി: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയലുമായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ ചർച്ച നടത്തി. സംസ്ഥാനത്തിനുള്ള അരി വിഹിതം വർധിപ്പിക്കണമെന്നു മന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി.എം.ജി.കെ.എ.വൈ. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്തിരുന്ന 5 കിലോ ഭക്ഷ്യധാന്യം സംസ്ഥാനത്തെ മുൻഗണനാ കാർഡുടമകൾക്ക് വലിയ ആശ്വാസം പകർന്നിരുന്നു. പ്രസ്തുത പദ്ധതി നിർത്തലാക്കിയതിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി വന്നിരുന്ന ഭക്ഷ്യധാന്യ വിതരണം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുകയാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി നിർത്തലാക്കിയത് ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ പിന്നാക്കം നിൽക്കുന്ന കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുൻഗണനാ കാർഡുടമകൾക്ക് 3 രൂപ നിരക്കിൽ നൽകിയിരുന്ന അരിയും 2 രൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയത് സ്വാഗതാർഹമാണെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ വർധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ചർച്ചയിൽ മന്ത്രി ചൂണ്ടിക്കാട്ടി.

2016 നവംബറിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം നിലവിൽ വരുന്നതിന് മുമ്പ് പ്രതിവർഷം 16.25 ലക്ഷം മെട്രികി ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ NFSA നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോൾ പ്രതിവർഷമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറയ്ക്കപ്പെട്ടു.  NFSA നിയമം നടപ്പിലാക്കിയതിലൂടെ റേഷൻ വിതരണ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനത്തെ 57% വരുന്ന ജനവിഭാഗത്തിന് നാമമാത്രമായെങ്കിലും അരി വിതരണം നടത്താൻ കഴിയുന്നത് കേന്ദ്രം അനുവദിച്ചു വരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ നിന്നുമാണ്.

കേന്ദ്രം അനുവദിച്ചുവരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ വർധനവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിലവിൽ അനുവദിച്ചു വരുന്ന ടൈഡ് ഓവർ വിഹിതം അപര്യാപ്തമായതിനാൽ, 2 ലക്ഷം മെട്രിക് ടൺ അരി കൂടി അധികമായി ടൈഡ് ഓവർ വിഹിതത്തിൽ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുകയും സെൻസസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. 


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like