രാജ്യം തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് ഉൽപ്പാദനത്തിന് തയ്യാറാകുന്നു.


ഭോപ്പാലിൽ സംഘടിപ്പിച്ച 'ആഗോള നിക്ഷേപക ഉച്ചകോടി 2025' ന്റെ രണ്ടാം ദിവസം വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്രമന്ത്രി  അശ്വിനി വൈഷ്ണവ് പങ്കെടുത്തു .മഹാശിവരാത്രിയുടെ ശുഭ അവസരത്തിൽ എച്ച്എൽബിഎസ്ന്റെ പുതിയ പ്ലാന്റ് സജ്ജമായതിന്  അശ്വിനി വൈഷ്ണവ് എച്ച്എൽബിഎസ് കുടുംബത്തെ അഭിനന്ദിച്ചു. 2025 ഓടെ ആദ്യ 'ഇന്ത്യൻ നിർമിത' സെമികണ്ടക്ടർ ചിപ്പ് ഉൽ‌പാദനത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ മധ്യപ്രദേശിന്റെ ദ്രുതഗതിയിലുള്ള വളർച്ച


 

ഭോപ്പാലിലും ജബൽപൂരിലുമായി രണ്ട് ഇലക്ട്രോണിക് നിർമ്മാണ ക്ലസ്റ്ററുകൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്. ഇരു സർക്കാരുകളുടെയും പ്രവർത്തനഫലമായി, നിലവിൽ 85 കമ്പനികൾ സംസ്ഥാനത്ത് ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു.


 


 


മധ്യപ്രദേശിൽ 20,000 എഞ്ചിനീയർമാർക്ക് പരിശീലനം


മധ്യപ്രദേശിൽ ഫ്യൂച്ചർ സ്കിൽസ് പ്രോഗ്രാമിന് കീഴിൽ 20,000 എഞ്ചിനീയർമാർക്ക് പരിശീലനം നൽകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സാങ്കേതിക പുരോഗതിയോടുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത കേന്ദ്ര മന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, 10 ലക്ഷം കോടി രൂപ മൂല്യത്തോടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖല അഭൂതപൂർവമായ വളർച്ച കൈവരിച്ചു. മൊബൈൽ (4 ലക്ഷം കോടി രൂപ); ലാപ്‌ടോപ്പുകൾ, സെർവറുകൾ, ടെലികോം ഉപകരണങ്ങൾ (75,000 കോടി രൂപ), പ്രതിരോധ, മെഡിക്കൽ ഇലക്ട്രോണിക്‌സ് മേഖല എന്നിവയുൾപ്പെടെ 5 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ ഇന്ത്യ നിലവിൽ കയറ്റുമതി ചെയ്യുന്നു. രാജ്യത്തിന്റെ മികച്ച 3 കയറ്റുമതി ഇനങ്ങളിൽ ഒന്നാണ് ഇലക്ട്രോണിക്‌സ്.


ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ ശേഷി ശക്തിപ്പെടുത്തൽ


 സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. ഒരേ സമയം അഞ്ച് യൂണിറ്റുകൾ നിർമ്മാണത്തിലാണ്. ആദ്യത്തെ ' ഇന്ത്യൻ നിർമ്മിത ' ചിപ്പ് 2025 ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിഭാശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, നൂതന സെമികണ്ടക്ടർ& ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ 85,000 എഞ്ചിനീയർമാർക്ക് പരിശീലനം നൽകുന്നതിനുള്ള ഒരു പരിപാടി സർക്കാർ ആരംഭിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ കാഴ്ചപ്പാടിനെയും നേതൃത്വത്തെയും  വൈഷ്ണവ് എടുത്തു പറഞ്ഞു. സർക്കാരിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ഈ ശ്രദ്ധേയമായ നേട്ടത്തിന് മുഖ്യമന്ത്രി മോഹൻ യാദവിനെയും മധ്യപ്രദേശിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും മഹാശിവരാത്രിയുടെ ശുഭകരമായ അവസരത്തിൽ ആശംസകൾ നേരുകയും ചെയ്തു.


പുതിയ ഐടി കാമ്പസിന്റെ പ്രധാന സവിശേഷതകൾ


പുതുതായി ഉദ്ഘാടനം ചെയ്ത ഐ.ടി കാമ്പസ് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ  വ്യാപിച്ചുകിടക്കുന്നു. ഐടി ഹാർഡ്‌വെയറും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഒരിടത്തുതന്നെ നിർമ്മിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സെർവറുകൾ, ഡെസ്‌ക്‌ടോപ്പുകൾ, മദർബോർഡുകൾ, ചേസിസ്, റാം, എസ്എസ്ഡികൾ, ഡ്രോണുകൾ, റോബോട്ടുകൾ എന്നിവയുൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഘടകങ്ങളും പ്ലാന്റിൽ ഉത്പാദിപ്പിക്കും. അടുത്ത ആറ് വർഷത്തിനുള്ളിൽ, കാമ്പസിൽ ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകും. ഇത് ഏകദേശം 1,200 പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ, ഓൾ-ഇൻ-വൺ വർക്ക്‌സ്റ്റേഷനുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മോണിറ്ററുകൾ എന്നിവയും ഈ കേന്ദ്രത്തിൽ നിർമ്മിക്കും.


 മധ്യപ്രദേശിൽ ഗണ്യമായ നിക്ഷേപങ്ങൾ നടത്തുമെന്ന് ആഗോള നിക്ഷേപക ഉച്ചകോടിയുടെ ആദ്യ ദിവസം കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയും മധ്യപ്രദേശ് സർക്കാരും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ കരാറുകളിൽ ഒപ്പുവച്ചു.


ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഊന്നൽ നൽകുന്നു


ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളിലും ശേഷി വികസനത്തിലും മോദി സർക്കാർ ഗണ്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2047 ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി, അടിസ്ഥാന സൗകര്യ നിക്ഷേപം, സമഗ്ര വളർച്ച, ഉൽപ്പാദന വിപുലീകരണം, നിയമങ്ങളുടെ ലളിതവൽക്കരണം എന്നീ നാല് പ്രധാന മേഖലകളിൽ സർക്കാർ മുൻഗണന നൽകുന്നു.


എന്താണ് എച്ച് എൽ ബി എസ്


ഭോപ്പാലിൽ ഒരു നിർമ്മാണ യൂണിറ്റും ഭോപ്പാൽ ഐടി പാർക്കിൽ സജ്ജമായി കൊണ്ടിരിക്കുന്ന അത്യാധുനിക ഉൽപ്പാദന, ഗവേഷണ വികസന സൗകര്യവുമുള്ള ഒരു സാങ്കേതിക കമ്പനിയാണ് എച്ച് എൽ ബി എസ് . ആഭ്യന്തര, ആഗോള വിപണി ആവശ്യകതകൾ പരിഹരിക്കുന്നതിനായി നൂതന, ഹൈടെക് ഉൽ‌പ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാവർക്കും, പ്രത്യേകിച്ച് സാധാരണക്കാർക്ക് ഇലക്ട്രോണിക് ഉൽ‌പ്പന്നങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നതിന്,ചെലവ് കുറഞ്ഞ പ്രതിവിധികൾ  നൽകുക എന്നതാണ് എച്ച് എൽ ബി എസ്  ലക്ഷ്യമിടുന്നത്. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും പ്രതിജ്ഞാബദ്ധമായ എച്ച് എൽ ബി എസ് , അതിനു കീഴിൽ നിർമ്മിക്കുന്ന ഓരോ ഉൽ‌പ്പന്നവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഇലക്ട്രോണിക്സ് മേഖലയിലെ സാങ്കേതിക പുരോഗതിക്കും സംഭാവനകൾക്കും ഇന്ത്യയിലുടനീളം അംഗീകാരവും വിശ്വസ്തതയും ഉള്ള കമ്പനിയാണിത് .

Author
Citizen Journalist

Goutham prakash

No description...

You May Also Like