ഗുരുസ്ഥാനീയ ശിഷ്യപൂജിത വയനാട്ടില്‍ എത്തുന്നു; ശാന്തിഗിരി പ്രാര്‍ത്ഥനാസാന്ദ്രമാകും.

  • Posted on April 03, 2023
  • News
  • By Fazna
  • 124 Views

സുല്‍ത്താന്‍ ബത്തേരി : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത ഇന്ന് വയനാട്ടില്‍‍ എത്തുമ്പോള്‍  നമ്പ്യാര്‍കുന്ന് ആശ്രമം പ്രാര്‍ത്ഥാനാസാന്ദ്രമാകും.  2005 ജൂണിലാണ് ശിഷ്യപൂജിത നേരത്തെ ഇവിടം സന്ദര്‍ശിച്ചത്. ശാന്തിഗിരിയുടെ ആത്മീയകാര്യങ്ങളുടെ വാക്കും വഴിയുമാണ് ഗുരുസ്ഥാനീയ.  ശാന്തിഗിരി പരമ്പരയെ നയിക്കാന്‍  എക്കാലത്തും ഗുരുസ്ഥാനത്ത് ഒരാളുണ്ടാകും എന്ന് നവജ്യോതിശ്രീകരുണാകരഗുരു അരുള്‍ ചെയ്തിട്ടുണ്ട്. ജാതിമതവര്‍ണ്ണവര്‍ഗ്ഗവ്യത്യാസമില്ലാതെ  പോത്തന്‍കോട് ആശ്രമത്തിലെത്തുന്ന ആയിരകണക്കിന് ഭക്തര്‍ക്ക് സാന്ത്വനമായി ശിഷ്യപൂജിത നിലകൊളളുന്നു.  അപൂര്‍വ്വം ചില അവസരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥയാത്രകള്‍ക്കു മാത്രമെ ശിഷ്യപൂജിത  ആശ്രമത്തില്‍ നിന്നും പുറത്ത് പോകാറുളളൂ. 1961ല്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍ പട്ടം കോളനിയില്‍ പരേതനായ ചെല്ലപ്പന്‍ പിളളയുടേയും രത്നമ്മയുടേയും നാലുമക്കളില്‍ മൂത്തയാളായിട്ടാണ് ജനനം. രാധ എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ നാമം. ഒന്‍പതാമത്തെ വയസ്സില്‍ ആശ്രമത്തിലെ അന്തേവാസിയായി. 1984ല്‍ ഗുരുവില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ച് ഗുരുധര്‍മ്മപ്രകാശസഭയില്‍ അംഗമായി. 1999 മെയ് 6 ന് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആദിസങ്കല്‍പ്പ ലയനത്തിന് ശേഷം ശാന്തിഗിരിയുടെ ആത്മീയ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഗുരുനിര്‍ദ്ദേശപ്രകാരം ശാന്തിഗിരി പരമ്പരയെ നയിച്ചുകൊണ്ടിരിക്കുന്ന ശിഷ്യപൂജിത നിരവധി സന്ന്യാസി സന്ന്യാസിനിമാര്‍ക്ക് ദീക്ഷ നല്‍കിയിട്ടുണ്ട്. ശിഷ്യപൂജിതയുടെ ദര്‍ശനക്കാഴ്ചയില്‍ വിരിഞ്ഞതാണ് ലോകപ്രശസ്തമായ ശാന്തിഗിരിയിലെ താമരപ്പര്‍ണ്ണശാല. സുല്‍ത്താന്‍ ബത്തേരിയിലേക്കുളള തീർത്ഥയാത്രയിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും നൂറോളം സന്ന്യാസി സന്ന്യാസിനിമാരും ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട്. ഇന്ന് (04/03/2023)  വൈകിട്ട് 6 മണിക്ക് നമ്പ്യാര്‍കുന്നില്‍ എത്തുന്ന ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും നാട്ടുകാരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. വരവേല്‍പ്പിന് പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്റെ ഇടയ്ക്കാവാദനവുമുണ്ടാകും. ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിത ദർശനമന്ദിരത്തിൽ വിശ്രമിക്കും. ഏപ്രിൽ 5ന്  രാവിലെ 9 മണിക്ക് പ്രാർത്ഥനാലയത്തിൽ പ്രതിഷ്ഠാകർമ്മം നടക്കും.  തുടര്‍ന്ന് പര്‍ണ്ണശാലയില്‍ ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിക്കും. പാരമ്പര്യ വാദ്യഘോഷങ്ങളുടെയും ആദിവാസി കലകളുടേയും പശ്ചാത്തലത്തിൽ, വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ കണ്ഠങ്ങളില്‍ നിന്നും അഖണ്ഡ മന്ത്രാക്ഷരങ്ങള്‍ ഉയരുന്ന പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാപൂർത്തീകരണം നടക്കുന്നത്. ചടങ്ങുകള്‍ക്ക് ശേഷം ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ശിഷ്യപൂജിത ദര്‍ശനം നല്‍കും. തുടര്‍ന്ന് തുടിത്താളം ഗോത്രകലാസംഘം അവതരിപ്പിക്കുന്ന ആദിവാസി നൃത്തങ്ങളും പാട്ടുകളും കൊണ്ട് ആശ്രമാന്തരീക്ഷം മുഖരിതമാകും. പണിയന്‍മാരുടെയും കാട്ടുനായ്ക്കന്‍മാരുടെയും ഊരാളിക്കുറുമന്‍മാരുടെയും വട്ടക്കളികളും കോല്‍ക്കളികളും അരങ്ങേറും. കമ്പളനാട്ടിയുടെ ചുവടുകള്‍ കൊണ്ട്  അവിടം താളനാദസാന്ദ്രമാക്കും. ആദിവാസി ചെണ്ടകളുടെ ത്രസിപ്പിക്കുന്ന നാദം ഉയര്‍ന്നുപൊങ്ങും. തുടിയും ചീണവും തീര്‍ക്കുന്ന താളവും ഈണവും സംഗീതലഹരി പകരും. അന്നേ ദിവസം നടക്കുന്ന സൗഹൃദസമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വിവിധ മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയ വ്യക്തികളെയും ആശ്രമത്തിന്റെ ആദ്യകാലപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും.  നിർദ്ധനരായ ആദിവാസി കുടുംബങ്ങൾക്ക്   നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടുന്ന കിറ്റും ചടങ്ങിൽ  വിതരണം ചെയ്യും.   6 ന് ദീപപ്രദക്ഷിണം നടക്കും. രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും  കലാപരിപാടികളും അരങ്ങേറും. പൌരാണിക ആദിവാസിവാസ്തുവിദ്യയുടെ കമനീയതയും കൌതുകവും തിളങ്ങുന്ന നിര്‍മ്മിതികള്‍ നമ്പ്യാര്‍കുന്നിനെ പഴയകാലത്തിന്റെ ലാളിത്യത്തിലേക്കാവും കൂട്ടികൊണ്ട് പോകുക. മണ്ണിനെയും മരങ്ങളെയും നോവിക്കാതെ നടത്തുന്ന ഒരുക്കങ്ങള്‍- ആദിവാസി ഊര് പോലുളള പ്രദര്‍ശനശാല, മൂപ്പന്റെ വീടു പോലുളള വേദി- എല്ലാം വേറിട്ട അനുഭവമായിരിക്കും.

പ്രത്യേക ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like