ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

വർധിക്കുന്ന ചൂട് മൂലം വളര്‍ത്തു മൃഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിചരണം കരുതലോടെ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്.

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം.

വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം തന്നെ ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

വളര്‍ത്തു മൃഗങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തൽ, മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തി നിറച്ച് കടത്തുന്നത് ഒഴിവാക്കൽ, ധാതുലവണ മിശ്രിതം, വിറ്റാമിന്‍സ്, പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തൽ എന്നിവയും പാലിക്കണം. ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ ചൂട് കുറഞ്ഞിരിക്കുന്ന രാത്രി സമയത്തു മാത്രം നല്‍കണം.  ധാരാളമായി പച്ചപുല്‍ നല്‍കുക, ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചൂടിനെ ക്രമീകരിക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ലഭ്യമാക്കൽ, തൊഴുത്തിന്റെ മേല്‍ക്കൂരയുടെ ഉയരം കൂട്ടുകയും ഭിത്തിയുടെ ഉയരം കുറയ്ക്കുകയും ചെയ്യൽ, തൊഴുത്തില്‍ ഫാനുകള്‍ നിര്‍ബന്ധമാക്കൽ എന്നീ നിർദേശങ്ങളുമുണ്ട്. 

മേല്‍ക്കൂരയില്‍ ജൈവ പന്തലായ കോവയ്ക്ക, പാഷന്‍ ഫ്രൂട്ട്  എന്നിവ പടര്‍ത്തുന്നതും, വൈക്കോല്‍ വിരിക്കുന്നതും താപനില കുറയ്ക്കാന്‍ സഹായിക്കും. 


സൂര്യാഘാതം

ചൂട് സൂര്യാഘാതത്തിനും കാരണമാകുന്നുണ്ട്. തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുളള ശ്വസനം, വായില്‍ നിന്നും ഉമിനീര്‍ വരല്‍, നുരയും പതയും വരല്‍, പൊളളിയ പാടുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റാല്‍ ഉടനെ വെളളം ഒഴിച്ച് നന്നായി നനയ്ക്കുക, കുടിക്കാന്‍ ധാരാളം വെളളം നല്‍കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയില്‍ ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം മൂലം പക്ഷിമൃഗാദികള്‍ക്ക് മരണം സംഭവിച്ചാല്‍ കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും  മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Author

Varsha Giri

No description...

You May Also Like