തൃശൂരിൽ നാല് കുളങ്ങൾ വീണ്ടെടുത്ത് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്
- Posted on September 01, 2024
- News
- By Varsha Giri
- 321 Views
തൃശൂർ.
മുഖ്യമന്ത്രിയുടെ നാലാം നൂറ് ദിന പരിപാടിയോടനുബന്ധിച്ച് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ തൃശൂർ കോർപറേഷനിൽ ഉൾപ്പെട്ട നാലു കുളങ്ങളുടെ ഉദ്ഘാടനവും ആസ്തി കൈമാറ്റവും ചേറൂര്‍ കിണര്‍ സ്റ്റോപ്പ് പരിസരത്തുള്ള എടത്തറ മനു സ്മാരക ഹാളിൽ കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.
ഭക്ഷണ വിഭവങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കുന്നതിനോ വീട്ടിൽ വെച്ചു കഴിക്കുകയോ ചെയ്യുന്ന രീതി കുറഞ്ഞു വരികയാണ്. അടുക്കളയുടെ പ്രാധാന്യം കുറഞ്ഞപ്പോൾ ആശുപത്രിയുടെ പ്രാധാന്യം കൂടി. ഇന്നത്തെ ജീവിതശൈലീ രോഗങ്ങളുടെ കാരണങ്ങളിലൊന്ന് ഭക്ഷണ രീതി തന്നെയാണ്. അതിനാൽ സാദ്ധ്യമാകുന്ന വിധത്തിൽ എല്ലാവരും കൃഷിയിൽ ഏർപ്പെടണം. നവീകരിച്ച കുളങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ജല സ്രോതസ്സുകൾ വീണ്ടെടുക്കുന്നതിനും എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം കോർപറേഷൻ പരിധിയിലെ 2, 9, 16, 55, എന്നീ ഡിവിഷനുകളിൽ 497.23 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച സീതാറാം മിൽ കുളം, തേൻകുളങ്ങര ദേവീ ക്ഷേത്രക്കുളം, പനഞ്ചകം ചിറ, മണത്തിട്ട വിഷ്ണു ക്ഷേത്രക്കുളം എന്നിവയുടെ ഉദ്ഘാടനവും ആസ്തി കൈമാറ്റവുമാണ് മന്ത്രി നിർവ്വഹിച്ചത്. പി.ബാലചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ അഡ്വ. വില്ലി ജിജോ, മെഫി ഡെൽസൺ, സുരേഷ് എ.കെ, എൻ.എ.ഗോപകുമാർ, പ്രിൻസിപ്പാൾ കൃഷി ഓഫീസർ അനൂപ് എം.പി, മണ്ണ് പര്യവേക്ഷണ ഡെപ്യൂട്ടി ഡയറക്ടർ അനിത ആർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബിന്ദുമേനോൻ, മണ്ണ് സംരക്ഷണ ഓഫീസർമാരായ ജയകുമാർ വി, ജയ പി.എ, ക്ഷേത്രങ്ങളുടെ ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
സ്വന്തം ലേഖകൻ
