സാധു ഇട്ടിയവിര നിര്യാതനായി
- Posted on March 15, 2023
- News
- By Goutham Krishna
- 193 Views
കൊച്ചി : കോതമംഗലം (എറണാകുളം): പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) അന്തരിച്ചു. 101-ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് വിയോഗം. സംസ്കാരം ഇന്ന് (15-03-2023- ബുധനാഴ്ച) വൈകുന്നേരം നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോതമംഗലം സെയ്ന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ. മലയാളത്തിലും ഇംഗ്ലീഷിലുമായി 140-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങളും അമ്പതിനായിരത്തോളം പ്രസംഗങ്ങളും. മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ്, അൽബേറിയൻ ഇന്റർനാഷണൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മദർ തെരേസയ്ക്കു ശേഷം ഈ അവാർഡ് ലഭിച്ച ഏക വ്യക്തിയാണ്. പ്രഥമ സുവർണരേഖ പുരസ്കാരം, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജന്മശതാബ്ദിയോടനുബന്ധിച്ച് സിറോ മലബാർ സഭ ഫാമിലി ആൻഡ് ലെയ്റ്റി കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വീട്ടിലെത്തി സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു. പാലാ കൊല്ലപ്പിള്ളി സ്വദേശി പെരുമാട്ടിക്കുന്നേൽ മത്തായി-അന്നമ്മ ദമ്പതിമാരുടെ മകനായി 1922-ൽ ജനിച്ചു. 1974-ൽ കോതമംഗലത്തേക്ക് താമസം മാറ്റി. 1978-ൽ 56-ാം വയസ്സിലാണ് തിരുവല്ല മണലേൽ ലാലിക്കുട്ടിയെ വിവാഹം കഴിക്കുന്നത്. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ സെയ്ന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ കോതമംഗലം). മരുമകൾ: ജെയ്‌സി ജോസ് വാമറ്റം ബെസ്ലഹം.
പ്രത്യേക ലേഖിക