കല്‍പ്പറ്റ: തോട്ടം മേഖലക്കായി സംസ്ഥാനസര്‍ക്കാരിന്റെ പങ്കാളിത്തതോടെ സമഗ്രപാക്കേജ് പ്രഖ്യാപിക്കണമെന്ന് ഐ എന്‍ ടി സി യു സി സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ്പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍.

  • Posted on March 18, 2023
  • News
  • By Fazna
  • 159 Views

 നല്ല കൂലി, ഇ എസ് ഐ ഉള്‍പ്പെടെയുള്ള ആരോഗ്യപരിരക്ഷ, പ്രത്യേക ഭവനപദ്ധതി, തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള സംവിധാനങ്ങള്‍ എന്നീ നാല് കാര്യങ്ങള്‍ പാക്കേജില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും കല്‍പ്പറ്റയില്‍ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ വേതനം അടിയന്തരമായി 700 രൂപയാക്കി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കണം. തോട്ടം മേഖലകളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വിഹിതം കൂടി തൊഴിലാളികളുടെ കൂലിയില്‍ ഉള്‍പ്പെടുന്ന രീതിയിലുള്ള വര്‍ധനവാണ് ഐ എന്‍ ടി യു സി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ഭവനം നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നാമമാത്രമായി ചുരുങ്ങി. ഈ സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും, മാനേജ്‌മെന്റുകളും വിഹിതമെടുത്തുകൊണ്ടുള്ള ഭവനപദ്ധതി തോട്ടം തൊഴിലാളികള്‍ക്ക് മാത്രമായി നടപ്പിലാക്കിയാല്‍ രണ്ട് വര്‍ഷത്തിനകം പാടികള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടംമേഖലക്ക് പുറമെ, നിര്‍മ്മാണമേഖല, അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍, പൊതുമേഖല, പരമ്പരാഗതമേഖല, ചുമട്ടുതൊഴിലാളി മേഖല, മോട്ടോര്‍ തൊഴിലാളികള്‍, അസംഘിത മേഖല തുടങ്ങിയ മേഖലകളിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ഐ എന്‍ ടി യു സി പ്രഖ്യാപിച്ച സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് സമരങ്ങളാണ് ഇതിനകം കഴിഞ്ഞത്. ബാക്കി ആറ് സമരങ്ങള്‍ കൂടി അടിയന്തരമായി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ അഭിമാനത്തോടെയാണ് ഐ എന്‍ ടി യു സി നോക്കികാണുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സര്‍വമേഖലയും നശിപ്പിച്ച് ചേരിതിരിവുണ്ടാക്കി. രാജ്യത്തെ ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ആവിഷ്‌ക്കാര, അഭിപ്രായസ്വാതന്ത്ര്യത്തെ പോലും ഇല്ലായാമ ചെയ്തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. മാന്യമായ മിനിമം വേതനം എന്ന സങ്കല്പം പോലും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി. ഐ എന്‍ ടി യു സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ മിനിമം വേതനം 700 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 230 രൂപ പ്രഖ്യാപിച്ചുകൊണ്ട് തൊഴിലാളികളെ മുഴുവന്‍ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ 2024 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് ഐ എന്‍ ടി യു സി സര്‍വശക്തിയും ഉപയോഗിച്ച് അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സി നേതാക്കളായ വി ജെ ജോസഫ്, എം പി പത്മനാഭന്‍, പി പി ആലി, ബി സുരേഷ്ബാബു, ടി എ റെജി തുടങ്ങിയവരും പങ്കെടുത്തു.

സ്വന്തം ലേഖകൻ .


Author
Citizen Journalist

Fazna

No description...

You May Also Like