വന്യമൃഗ പ്രതിരോധത്തിന് നിർമിതബുദ്ധി; പുൽപള്ളിയിൽ പത്ത് കിലോമീറ്ററിൽ പദ്ധതി.
- Posted on February 25, 2025
 - News
 - By Goutham prakash
 - 147 Views
 
                                                    പുൽപള്ളി നിർമിത ബുദ്ധിയടക്കമുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വന്യജീവി പ്രതിരോധപ്രവർത്തനവുമായി വനംവകുപ്പ്. പുൽപള്ളി ഫോറസ്‌റ്റ് സ്റ്റേഷൻ ഇലക്ട്രിക് കവല മുതൽ പുതിയിടംകുന്ന് വരെ 10 കിലോമീറ്റർ ദൂരത്തിലാണ് എഐ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള പ്രതിരോധം തീർക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. വന്യമൃഗങ്ങൾ കാടിറങ്ങുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ വിശകലനം ചെയ്ത് അവയുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കി കൺട്രോൾ റൂമിൽ വിവരമെത്തുകയും ഒപ്പം അവയെ പ്രതിരോധിച്ച് തിരികെ വനത്തിലേക്ക് കയറ്റാൻ സൈറണുകൾ മുഴങ്ങുകയും ചെയ്യുന്നതാണു പദ്ധതി.
ഇതോടൊപ്പം നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന തെർമൽ ക്യാമറകളും ദീർഘദൂര ലേസർ ഇൻഫ്രാറെഡ് ക്യാമറകളും വിന്യസിക്കും. എഐ ഡിറ്റക്ഷൻ സർവൈലൻസ് ആൻഡ് ഏർളി വാണിങ് സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ വന്യജീവി സംഘർഷ ലഘൂകരണത്തിന് പാലക്കാട് സർക്കിളിനു കീഴിൽ സജ്ജമാകുന്ന വാർ റൂം സംവിധാനവുമായി ബന്ധപ്പെടുത്തും. നിർമിത ബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ് വെയർ കേരളാ ദിനേശിന്റെ ഡേറ്റാസെന്ററിൽ നിന്നാണ്.
സമൂഹമാധ്യമങ്ങളിലൂടെ പ്രദേശവാസികൾക്കും വിവരങ്ങൾ അപ്പപ്പോഴറിയാമെന്നും വനംവകുപ്പ് പറയുന്നു. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ സ്‌ഥാപിച്ച ഈ സംവിധാനം വിജയകരമായതിനെ തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിൽ നിർമിക്കുന്നത്. മാർച്ച് 15 ന് ഉള്ളിൽ നിർമാണം പൂർത്തിയാക്കും. ഒപ്റ്റിക്കൽ ഫൈബർ വിന്യസിക്കേണ്ട ഭാഗത്തെ സർവേ നടപടികൾ പൂർത്തീകരിച്ചു.
കേന്ദ്രസർക്കാരിന്റെ ആസി വികസന ഫണ്ടുപയോഗിച്ചാണ് നിർമാണം. ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് വനംവകുപ്പ് നടപ്പാക്കുന്ന ആദ്യപദ്ധതിക്കാണ് ഇന്നു തുടക്കംകുറിക്കുന്നത്.
