നിർവികാരത പടർന്ന കാലത്ത് വൈകാരിക വിശുദ്ധിയുടെ മൂല്യത്തെ പുനഃസ്ഥാപിക്കുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകളെന്ന് കെ.ജയകുമാർ.
- Posted on January 23, 2025
- News
- By Goutham prakash
- 168 Views
റഫീക്ക് അഹമ്മദിന് പന്മപ്രഭാ പുരസ്കാരം സമർപ്പിച്ചു.
കല്പറ്റ:
കാലവും പ്രകൃതിയും സമൂഹവും ഇഴ ചേർത്ത്, മനസ്സുകളിൽ ആർദ്രതയുടെ വിത്തുമുളപ്പിച്ച കവി റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു.
പുതുമയാർന്ന ബിംബങ്ങളും പദങ്ങളും മലയാള ഗാനശാഖയ്ക്കു സമ്മാനിച്ച കവിക്ക് മലയാള സാഹിത്യ - ഗാനരചനാ മേഖലയിലെ പ്രമുഖരും സാഹിത്യാസ്വാദകരായ സദസ്സും ഒത്തുചേർന്ന പ്രൗഡഗംഭീരമായ വേദിയിലായിരുന്നു ആദരം.
ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ ഓർമ്മകൾ നിറഞ്ഞ പുളിയാർമല കൃഷ്ണഗൗഡർ ഹാളിലെ വേദിയിൽ എഴുത്തുകാരനും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് പുരസ്‌കാരം സമർപ്പിച്ചത്. 75000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലു പതിച്ച ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
നിർവികാരത പടർന്ന കാലത്ത് വൈകാരിക വിശുദ്ധിയുടെ മൂല്യത്തെ പുനഃസ്ഥാപിക്കുന്നവയാണ് റഫീക്ക് അഹമ്മദിന്റെ രചനകളെന്ന് കെ. ജയകുമാർ പറഞ്ഞു. മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രാർഥനയാണ് ലോകത്തുള്ള ഓരോ കവിതയും. നന്മയ്ക്കുവേണ്ടി വായനക്കാരനുമായി കവിയുണ്ടാക്കുന്ന ഉടമ്പടിയാണ് കവിത. ഇരുളുന്ന കാലഘട്ടത്തിൽ മൂല്യങ്ങൾക്ക് ഭ്രംശമുണ്ടാകുന്ന കാലഘട്ടത്തിൽ കവയിത്രി സുഗതകുമാരി പറഞ്ഞതുപോലെ 'എങ്കിലുമെന്നും ജീവിതമേ ഞാൻ സ്‌നേഹിക്കുന്നു നിന്നെ' എന്ന വാക്യത്തിൽ ലോകത്തിലെ സകലകവികളുടെയും ഉടമ്പടിയുണ്ട്. ജീവിതത്തിന്റെ സൗന്ദര്യത്തെയും വികാരങ്ങളുടെ വിശുദ്ധിയേയും വീണ്ടെടുക്കാൻ നിയുക്തനാണ് കവി. ആ അർത്ഥത്തിൽ റഫീക്ക് അഹമ്മദ് ചെയ്യുന്നതും അതുതന്നെയാണ്. നമ്മുടെ കാലഘട്ടത്തിൽ അവശ്യം വേണ്ട ജീവിത സൗന്ദര്യത്തിന്റെയും ജീവിത വിശ്വാസത്തിന്റെയും വീണ്ടെടുപ്പാണ് റഫീക്ക് അഹമ്മദിന്റെ കവിതകളെന്നും ് അദ്ദേഹം പറഞ്ഞു.
സംസാരപ്രിയനും സംഭാഷണ ഗരിമയുള്ള വ്യക്തിയുമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് പറഞ്ഞ കെ. ജയകുമാർ അദ്ദേഹവുമായുള്ള ആത്മബന്ധവും സദസ്സുമായി പങ്കുവെച്ചു. റഫീക്ക് അഹമ്മദിന്റെ കാവ്യപ്രവർത്തനം പത്മപ്രഭാ പുരസ്‌കാരം കൊണ്ട് കൂടുതൽ ദീപ്തമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
എം.പി. വീരേന്ദ്രകുമാറാണ് പുസ്തകപ്രേമിയായിരുന്ന അച്ഛന്റെ ഓർമ്മയിൽ പത്മപ്രഭാ പുരസ്‌കാരം കൊണ്ടുവന്നതെന്ന് പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തിയ വി.കെ. ശ്രീരാമൻ പറഞ്ഞു. പത്മപ്രഭാ ഗൗഡർ സോഷ്യലിസ്റ്റായിരുന്നു. ഓരോ രാഷ്ട്രീയ, സാംസ്‌കാരിക, പൊതുപ്രവർത്തകനും സ്വാർത്ഥത വെടിഞ്ഞു സാമൂഹിക പ്രതിബദ്ധതയോടെ ഇടപെട്ടാലേ സാമൂഹിക മുന്നേറ്റം ഉണ്ടാകൂ. പത്മപ്രഭാ പുരസ്‌കാര ചടങ്ങിൽ മുമ്പും പങ്കെടുത്തിട്ടുണ്ട്. പത്മപ്രഭാ പുരസ്‌കാര വേദി പ്രസംഗവേദി മാത്രമല്ല, പലയാളുകളെയും കാണാനും സംവദിക്കാനും കഴിയുന്ന രീതിയിലേക്ക് ഇങ്ങനെയൊരു സഭ വിന്യസിപ്പിക്കുന്നതിലൂടെ പത്മപ്രഭാ ഗൗഡർ വീണ്ടും വീണ്ടും ജനഹൃദയങ്ങളിൽ ശാശ്വതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന 'പുലിയിറക്കം' എന്ന കവിത വായിച്ചപ്പോഴാണ് റഫീക്ക് അഹമ്മദെന്ന എഴുത്തുകാരനെ തിരിച്ചറിഞ്ഞതെന്നും കവിയുടെ നാട്ടുകാരനെന്ന നിലയിൽ കൂടി പുരസ്‌കാരലബ്ധിയിൽ അഭിമാനിക്കുന്നുവെന്നും വി.കെ. ശ്രീരാമൻ പറഞ്ഞു.
ചടങ്ങിൽ പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷത വഹിച്ചു. ഓർത്തിരിക്കാവുന്ന മനോഹരമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവ് റഫീക്ക് അഹമ്മദെന്ന് അദ്ദേഹം പറഞ്ഞു. കവി രചിച്ച ' മരണമെത്തുന്ന നേരത്ത് എന്നു തുടങ്ങുന്ന ഗാനം ദുഃഖഗാനമായാണ് പലരും കരുതുന്നതെങ്കിലും മനോഹരമായ പ്രണയഗാനമാണതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയർമാൻ, മാനേജിങ്ങ് എഡിറ്റർ പി.വി. ചന്ദ്രൻ അനുഗ്രഹപ്രഭാഷണം നടത്തി. ബഹുമുഖ പ്രതിഭയും ശ്രദ്ധേയനായ ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദെന്നും എന്തുകൊണ്ടും അർഹമായ കരങ്ങളിലാണ് പത്മപ്രഭാ പുരസ്‌കാരം എത്തിയിരിക്കുന്നതെന്നും പറഞ്ഞു. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ. ജയകുമാറിനെ എം.വി. ശ്രേയാംസ്‌കുമാറും പി.വി. ചന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ചു.
ചടങ്ങിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഷീല ടോമി, ബി.കെ. ഹരിനാരായണൻ എന്നിവർ പുരസ്‌കാര ജേതാവിന് ആശംസകൾ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. പി. ചാത്തുക്കുട്ടി സ്വാഗതവും ജനറൽ കൺവീനർ സി.വി. ഉഷ നന്ദിയും പറഞ്ഞു.
*കവിതയും സോഷ്യലിസവും എക്കാലവും നിലനിൽക്കും - റഫീക്ക് അഹമ്മദ്*
സോഷ്യലിസ്റ്റായ ഒരു വലിയ മനുഷ്യൻ - പത്മപ്രഭാ ഗൗഡറുടെ പേരിലുള്ള പുരസ്‌കാരം ഏറെ പ്രസക്തിയും പ്രാധാന്യവുമുള്ളതെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. പത്മപ്രഭാ പുരസ്‌കാരം ഏറെ വിശിഷ്ടമായ ഒന്നാണ്. ഹൃദയം കൊണ്ടു് വരിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താവും പ്രയോക്താവുമായിട്ടുള്ള വലിയ മനുഷ്യൻ - പത്മപ്രഭയുടെ ഓർമയ്ക്കുള്ളതാണ് ഈ പുരസ്‌കാരം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും കാലത്തിന് ശേഷം ചിന്താ -സാംസ്‌കാരിക ലോകത്ത് അനാഥമായി അലയുന്ന ആശയമായി സോഷ്യലിസം മാറി. അതിനെല്ലാമപ്പുറത്ത് ഇതൊരു കാവ്യനീതിയുടെ ആശയമാണ്. സോഷ്യലിസത്തിൽ മാനുഷികതയുണ്ട്. സമത്വവാദം സഹിക്കാനാവാതെ ഭരണഘടനയിൽ നിന്ന് പോലും നീക്കാൻ താത്പര്യപ്പെടുന്നവരാണ് ഇന്നുള്ളത്. പത്മപ്രഭാ ഗൗഡരെ പോലെയുള്ള ആദ്യകാല സോഷ്യലിസ്റ്റിന്റെ വലിപ്പം ഇതെല്ലാം വ്യക്തമാക്കുന്നു.
അടിസ്ഥാനപരമായി നീതിയെക്കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയും എല്ലാ എഴുത്തിലും ഉണ്ട്. ഈ ലോകം കുറേക്കൂടി സുന്ദരമായിരുന്നെങ്കിൽ എന്ന ആശയത്തിന്റെ വിത്ത് എല്ലാ കവിതയിലുമുണ്ട്. അതിനാൽ ജീവിതകാലം മുഴുവൻ സമത്വത്തിനായി പ്രയത്‌നിച്ച എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള പുരസ്‌കാരം ലഭിക്കുമ്പോൾ അതിനു മറ്റെല്ലാ പുരസ്‌കാരങ്ങളേക്കാളും പ്രസക്തിയും പ്രാധാന്യവുമുണ്ട്. തുല്യമായ അവകാശമുണ്ടാവുകയെന്നത് പ്രാഥമികമായ ചിന്തയാണ്. കവിതയെക്കുറിച്ചും നീതിയെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ എക്കാലത്തും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രോത്സാഹനവും തിരസ്‌കാരവും തുല്യതയോടെയാണ് കാണുന്നതെന്നും തന്റെ അസ്തിത്വം കവിതയിലാണെന്നും അദ്ദേഹം പറഞ്ഞു. എം.പി. വീരേന്ദ്രകുമാറുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു വയനാട്ടിലെത്തിയതും സൂചിപ്പിച്ച കവി എം.പി. വീരേന്ദ്രകുമാറിന്റെ ഓർമകൾക്കു മുമ്പിൽ സ്മരണാഞ്ജലിയുമർപ്പിച്ചാണ് മറുപടി പ്രസംഗം നടത്തിയത്.
