"ശാസ്ത്രത്തിന്റെ‍ നവനിര്‍മാണത്തിന് പുതിയ തലമുറയെ ശാക്തീകരിക്കാനുതകുന്ന രാജ്യത്തെ ആദ്യ പദ്ധതിയായി സ്ട്രീം ഇക്കോസിസ്റ്റം മാറും" മന്ത്രി. വി. ശിവൻകുട്ടി.

  • Posted on March 25, 2023
  • News
  • By Fazna
  • 111 Views

ആലപ്പുഴ :  സംസ്ഥാന സര്‍ക്കാര്‍- പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍  ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടെ പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അടിത്തറ പാകുന്ന പദ്ധതിയാണ്  സ്ട്രീം ഇക്കോസിസ്റ്റമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. ആലപ്പുഴ പൊള്ളേത്തൈ, ഗവ.ഹൈസ്കൂളിൽ സ്ട്രീം ഇക്കോ സിസ്റ്റം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതിയായ സമഗ്രശിക്ഷ കേരളമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.  ഇന്‍റര്‍ ഡിസിപ്ലിനറി സമീപനത്തിലൂന്നി ക്ലാസ്റൂം പഠന പ്രവര്‍ത്തനങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്തി അക്കാദമിക രംഗം കൂടുതല്‍ താല്‍പര്യജനകവും, ആഴമേറിയതുമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ക്ലാസുകളിലെ ശാസ്ത്ര- സാങ്കേതിക അറിവുകളെ കോര്‍ത്തിണക്കി ഒരു ധാരയിലെത്തിക്കുകയും അത് കുട്ടികളില്‍ പ്രാവര്‍ത്തികമാക്കുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സാങ്കേതിക സഹായവും മേല്‍നോട്ടവും ഉപകരണങ്ങളും പരിശീലനവും പിന്തുണയും പദ്ധതിയില്‍ ഉറപ്പുവരുത്തുമെന്നും, അദ്ദേഹം വ്യക്തമാക്കി. അക്കാദമിക രംഗം ശാസ്ത്രീയ പ്രായോഗിക ഗവേഷണാത്മകവ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് ഉന്നത വിദ്യാഭ്യാസ- പൊതുവിദ്യാഭ്യാസ മേഖലകള്‍ ചേര്‍ന്ന്  സംയുക്തമായി നടപ്പിലാക്കുന്ന 'സ്ട്രീം ഇക്കോസിസ്റ്റം'പദ്ധതി സഹായകമാകട്ടെയെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആശംസിച്ചു. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ ജില്ലയിലെ 11 ബി.ആര്‍.സി.കളിലും പരീക്ഷണ ഗവേഷണ സംവിധാനമൊരുക്കി ' സ്ട്രീം ഇക്കോസിസ്റ്റം '  ഹബ്ബുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുക.  ബി.ആര്‍.സി പരിധിയില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍  സ്ട്രീം ഹബ്ബുകള്‍ സ്ഥാപിക്കുന്നതിലൂടെ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും പരിശീലനം ലഭ്യമാകും. സ്ട്രീം ഇക്കോസിസ്റ്റം പദ്ധതിയ്ക്കായി ആലപ്പുഴ ജില്ലയില്‍ സമഗ്ര ശിക്ഷ കേരളം വഴി 2.20 കോടി രൂപ ചെലവഴിച്ചാണ്  ലാബുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പരീക്ഷണങ്ങള്‍ക്കൊപ്പം റോബോട്ടിക്സും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും സംയോജിപ്പിച്ചുള്ള നവ സാങ്കേതിക വിഷയങ്ങളും സ്വായത്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് സ്ട്രീം ഇക്കോസിസ്റ്റം വഴികാട്ടിയായി പ്രവര്‍ത്തിക്കും. ദൈനം ദിന ജീവിതത്തിലെ സാമൂഹിക പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും സന്ദര്‍ഭത്തിനനുസരിച്ച് വിജ്ഞാന മേഖലകളില്‍ ബന്ധപ്പെടുത്തി പരിഹാരം കണ്ടെത്തുകയാണ് മുഖ്യമായും 'സ്ട്രീം ഇക്കോ സിസ്റ്റം 'പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ. ഐ എ എസ് പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കുസാറ്റ് പ്രോ. വൈസ് ചാൻസിലർ പ്രൊഫ. ഡോ.പി ജി ശങ്കരൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി സംഗീത, ആലപ്പുഴ ഡയറ്റ് പ്രിൻസിപ്പൽ കെ ജെ ബിന്ദു ,  സി എസ് ഐ എ എസ് ഡയറക്ടർ ഡോ.ഷൈജു, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ.പി.ഷാജി, എസ് എസ് കെ ആലപ്പുഴ ഡി പി സി രജനീഷ് തുടങ്ങിയവർ സംസാരിച്ചു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like